വജ്ര വ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പോലീസ് പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു.
കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി വ്യാപാരിയില്‍നിന്ന് സ്വര്‍ണവും വജ്രവും തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിനിവാസികളാണ് പിടിയിലായവര്‍. തൃശൂര്‍ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്നറിഞ്ഞത്. തുടര്‍ന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്‌ഐ ദില്‍ജിത്, പൊലീസ് ഓഫിസര്‍മാരായ ഷഫീക്, അനു, അജയകുമാര്‍, ഷൈജു, രമേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.