ശാസ്താംകോട്ട:കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്ലാറ്റിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന്റെ(30) കുടുംബത്തിന് ആശ്വാസം പകർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.വ്യാഴം രാവിലെ വയ്യാങ്കരയിലെ വീട്ടിലെത്തിയ കൊടിക്കുന്നിൽ
ഷെമീറിന്റെ പിതാവ് ഉമ്മറുദ്ദീനെയും മാതാവ് ഷെബീനയെയും ഭാര്യ സുറുമിയെയും സഹോദരൻ നിജാസിനെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.കുവൈറ്റിൽ നിന്നും മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.സബ്ബ് കളക്ടർ മുകുന്ദ് ഠാക്കൂർ,കൊല്ലം റൂറൽ
എസ്.പി കെ.എം സാബു മാത്യു എന്നിവരും ഷെമിറിന്റെ വീട്ടിലെത്തിയിരുന്നു.6 വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഷെമീർ.
കെട്ടിട നിർമ്മാണ കരാറുകാരനും ഓയൂർ സ്വദേശിയയുമായ ഉമ്മറുദ്ദീൻ
ആലപ്പുഴ താമരക്കുളം
സ്വദേശിയായ ഷെബീനയെ വിവാഹം കഴിച്ച ശേഷം നാലുമുക്കിലായിരുന്നു താമസം.15 വർഷം മുമ്പാണ് വയ്യാങ്കരയിൽ സ്വന്തമായി വീട് വച്ച് താമസം ആരംഭിച്ചത്.ഷെമീറിന്റെ ഭാര്യ സുറുമി പത്തനാപുരം സ്വദേശിനിയാണ്.തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് പഠനം നടത്തുന്ന സുറുമിയെ ഭർത്താവിന്റെ മരണം അറിയിക്കാതെ ഉമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് വയ്യാങ്കരയിൽ എത്തിച്ചത്.ഇവിടെ എത്തിയേ ശേഷമാണ് മരണ വിവരം അറിയുന്നത്.അതിനിടെ ഷെമീറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.