ശാസ്താംകോട്ട. ഇരുചക്രവാഹനക്കാരുടെ അതിക്രമ യാത്ര ,ഭരണിക്കാവില്‍ ഇടിയേറ്റുവീണ വയോധികന് ദാരുണാന്ത്യം. ഇന്നലെ ഉച്ചക്ക് ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ ഇടിച്ചിട്ട പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖരകുറുപ്പ്(70)ആണ് കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇടിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍
ഭരണിക്കാവ് ചക്കുവള്ളി റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തെറ്റായ വശത്തുകൂടി വെടിയുണ്ടപോലെ പാഞ്ഞുവന്ന ഇരു ചക്രവാഹനം സോമശേഖരകുറുപ്പിനെ ഇടിച്ചു വീഴ്ത്തിയത്. മലര്‍ന്നുവീണ ആള്‍ പിന്നീട് എഴുന്നേറ്റതേയില്ല. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു. താലൂക്കാശുപത്രിയിലും ഇവിടുത്തെ സ്വകാര്യാശുപത്രിയിലും കാണിച്ചശേഷം കൊല്ലത്തേക്ക് കൊണ്ടുപോയ ആള്‍ ഇന്ന് ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍കോളജിലേക്ക് മാറ്റി.
അലക്ഷ്യമായി പായുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ദിവസമെന്നോണമാണ് കാല്‍നട.യാത്രക്കാര്‍ ഇരയാകുന്നത്. സ്‌കൂളിലേക്കും പുറത്തേക്കും കുട്ടികള്‍ പോകുന്ന സമയത്തും തിരക്കുള്ള സായാഹ്ന സമയത്തും ഭ്രാന്തെടുത്ത് പായുന്ന മാനസികരോഗികളെക്കൊണ്ട് ജനം പൊറുതിമുട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല. എത്രശ്രദ്ധിച്ചാലും അപകടമുണ്ടാകും എന്നതാണ് നില. ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. നേരത്തേ ഭരണിക്കാവില്‍ തിരക്കുള്ള സമയത്ത് പൊലീസുണ്ടാകുമായിരുന്നു. ഇപ്പോഴതില്ല. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരക്കാരെ പിടികൂടുന്നത് നിര്‍ത്തി. പരാതിപ്പെടാന്‍ മിക്കവര്‍ക്കും നമ്പര്‍ ഉണ്ടാകില്ല. ഹെല്‍മെറ്റ് വച്ചിരിക്കും. വാഹനം ഇടിച്ചു തെറിപ്പിച്ച് പോകുന്നത് ഒരു പതിവുകാഴ്ചയാണ് ഇപ്പോള്‍.