ഷെമീർ ഇനി കണ്ണീരോർമ്മ

Advertisement

ശാസ്താംകോട്ട (കൊല്ലം):ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ ഷെമീർ(30) ഇനി കണ്ണീരോർമ്മ.കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന് നാട് നൽകിയത്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വെള്ളിയാഴ്ച
രാവിലെ കുവൈറ്റിൽ നിന്നും
വ്യോമസേന വിമാനത്തിൽ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.തുടർന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ നാട്ടിലേക്ക്.നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി വൈകിട്ട് 4 ഓടെ ആലപ്പുഴ താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്തിൽ എത്തിച്ച മൃതദേഹത്തിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയത്.4.45 ന് വീട്ടിലെത്തിച്ച മൃതദേഹം പിതാവ് ഉമ്മറുദീൻ,മാതാവ് ഷെബീന,ഭാര്യ സുറുമി,സഹോദരൻ നിജാസ്,
മറ്റ് ബന്ധുക്കൾ എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ആദ്യം വീടിനകത്ത് എത്തിച്ചു.മാതാവിനെയും ഭാര്യയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.ഏതാനും നിമിഷങ്ങൾക്കു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനായി പുറത്തേക്ക് കൊണ്ടുവന്നത്.ജനപ്രതിനിധികളും മതമേലധ്യക്ഷരും സുഹൃത്തുക്കളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കമുള്ള
ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയാകൊല്ലം – തേനി ദേശീയപാതയിലെ വയ്യാങ്കര ഗ്രാമം രാവിലെ മുതൽ ജനസഞ്ചയത്തിൽ നിറഞ്ഞിരുന്നു.പൊതുദർശനത്തിനു ശേഷം താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

Advertisement