കരുനാഗപ്പള്ളി മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവിൻ്റെ മകൻ

Advertisement

കരുനാഗപ്പള്ളി. മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവിൻ്റെ മകൻ.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കരുനാഗപ്പള്ളിയിൽ വീണ്ടും സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതായി സൂചന. സി.പി.എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള കരുനാഗപ്പള്ളി നഗരസഭാ ഭരണത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകനും പാർട്ടി അംഗവുമായ മനു ജോർജ് രൂക്ഷവുമര്‍ശനവുമായി രംഗത്തുവന്നു. തൻ്റെ എഫ്ബി പോസ്റ്റിലൂടെയാണ് നഗരസഭ ഭരണത്തിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിൽ വമ്പൻ പരാജയമാണ് നഗരസഭ എന്നും, വോട്ട് ചെയ്ത തങ്ങൾക്ക് കരണത്ത് അടി നൽകിയ പോലെയാണ് നഗരസഭ ഭരണം എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടുത്തഭരണം കോൺഗ്രസിനോ ബിജെപിക്ക് ലഭിക്കുമെന്നും രൂക്ഷമായ ഭാഷയിൽ പറയുന്നുണ്ട്. മാഫിയാ ഭരണമെന്നും കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഒപ്പം താമസിക്കുന്ന മകൻ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളിയിൽ നേരത്തെ നിലനിന്നിരുന്ന രൂക്ഷമായ വിഭാഗീയത ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി അല്പം കെട്ടടങ്ങിയിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ പരസ്യമായി നഗരസഭാ ഭരണത്തിനെതിരെ രംഗത്ത് വന്നതോടെ വരും ദിവസങ്ങളിൽ ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

കരുനാഗപ്പള്ളിയിൽ സി.പി.എമ്മിനുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ എതിർപക്ഷത്ത് നിലയുറപ്പിച്ച ആളാണ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു. ചെയർമാന്റെ പല നടപടികൾക്കെതിരെയും പാർട്ടിക്കകത്തും പുറത്തും എതിർ നിലപാടുമായി സംസ്ഥാന കമ്മിറ്റി അംഗവും നിലകൊണ്ടിരുന്നു. ഈ തർക്കം രൂക്ഷമായതോടെ ചെയർമാനെ പിന്തുണച്ച നഗരസഭയുടെ മുൻ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പുതുതായി സംസ്ഥാന കമ്മിറ്റി അംഗത്തിന് താല്പര്യമുള്ള ഉദ്യോഗസ്ഥരെ നഗരസഭയുടെ ഭരണ തലവന്മാരായി കൊണ്ടുവന്നു എന്ന ആക്ഷേപമാണ് എതിർപക്ഷം ഉയർത്തുന്നത്. ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയതാണ് പോരായ്മ ഉണ്ടാകാൻ കാരണമെന്നും ഇവർ പറയുന്നു. ഈ അഭിപ്രായത്തിനെതിരെയാണ് പരസ്യ പ്രതികരണവുമായി പാർട്ടി അംഗം തന്നെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്ന വിഭാഗീയ പ്രശ്നങ്ങൾ വീണ്ടും സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കിയതിനെ സംബന്ധിച്ച് നേതൃത്വനിരയിലുള്ളവർക്ക് ശക്തമായ എതിർപ്പുണ്ട് എന്നാണറിയുന്നത്. പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മുനിസിപ്പൽ ഭരണത്തിനെതിരെ ഉത്തരമൊരു പ്രതികരണവുമായി രംഗത്തുവന്നത് അനുചിതമാണെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിലുള്ളവർക്ക് പൊതുവേ ഉള്ളത്.

Advertisement