കുടുംബ പ്രശ്നത്തില്‍ കേസ് എടുത്തില്ല; പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു

Advertisement

കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ഭാര്യക്കെതിരെ നല്‍കിയ സാമ്പത്തിക തര്‍ക്ക പരാതിയില്‍ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പുതുശ്ശേരി ലളിത ഭവനത്തില്‍ ധര്‍മദാസിനെ (52) പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ അഞ്ചരയോടെയാണ് ധര്‍മ്മദാസ് ചിതറ പോലീസ് സ്റ്റേഷനില്‍ എത്തിയത്. കയ്യില്‍ കരുതിയ കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ല് അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട് പൊലീസുകാര്‍ എത്തിയതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ധര്‍മ്മദാസിനെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി. പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.
സാമ്പത്തിക തര്‍ക്ക പരാതിയില്‍ ഭാര്യയ്ക്കും ഭാര്യാമാതാവിനും എതിരെ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ധര്‍മ്മദാസ് ആക്രമണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.
തന്റെ ഉടമസ്ഥയിലുള്ള വസ്തു വിറ്റ പണം ധൂര്‍ത്തടിക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു. പണം മക്കളുടെ പേരില്‍ നിക്ഷേപിച്ചെന്നും വ്യക്തമാക്കി. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നും മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ധര്‍മ്മദാസിന്റെ പരാതി.

Advertisement