ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച സൈനികന് ജന്മനാടിന്റെ അശ്രുപൂജ

Advertisement

കുന്നത്തൂർ (കൊല്ലം):ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് ജന്മനാട് കണ്ണീരോടെ വിട നൽകി.കുന്നത്തൂർ
രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടി(48) ശനിയാഴ്ച ആണ് വീരമൃത്യു വരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ ഞായർ രാത്രിയോടെ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക അധികൃതർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.

തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് (തിങ്കൾ) രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.ശാസ്താംകോട്ടയിൽ നിന്നും 9 മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലധികം വീട്ടിൽ പൊതുദർശനത്തിനു വച്ചു.ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.ഭാര്യ നിഷ,മക്കളായ രമ്യ,ഭവ്യ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.

ജില്ലാ കളക്ടർ ദേവീദാസ്,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.തുടർന്ന് 10.30ഓടെ സൈനിക ബഹുമതികളോടെ നടന്ന വീട്ടുവളപ്പിൽ സംസ്കാരം നടത്തി.മക്കളായ രമ്യ വിജയൻ,ഭവ്യ വിജയൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങിയത്.

Advertisement