പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Advertisement

കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.

കാറിനുള്ള രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു