സിനിമാപറമ്പ്:കാലവർഷം ശക്തമായതോടെ കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പ് മുതൽ കുന്നത്തൂർ പാലം വരെ റോഡിൽ രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു.കൊടും വളവിനോട് ചേർന്നും കയറ്റവും ഇറക്കവുമുള്ള ഭാഗങ്ങളിലും മരണക്കുഴികൾ നിരവധിയായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിഞ്ഞിട്ടേയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.മഴ വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിലൂടെ ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.മാസങ്ങൾക്ക് മുമ്പ്
മുഖ്യമന്ത്രിയുടെ നവകേരള സദസ് കൊട്ടാരക്കരയിൽ നിന്നും ചക്കുവള്ളിയിലേക്ക് കടന്നു പോകുന്നതിന്റെ ഭാഗമായി വർഷങ്ങളായി തകർന്നു കിടന്ന ഈ റോഡിലെ കുഴികൾ അടച്ചിരുന്നു.മഴ ശക്തമായതോടെ കുഴികൾ പഴയ സ്ഥിതിയിലേക്ക് മാറുകയായിരുന്നു.കുന്നത്തൂർ മെട്രിക് ഹോസ്റ്റലിനു സമീപമുള്ള കൊടും വളവിൽ റോഡിനു നടുവിലായി രൂപപ്പെട്ട കുഴി ദുരന്ത ഭീഷണിയായി മാറിയിരിക്കയാണ്.കുഴിയിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സ്കൂട്ടർ യാത്രികരും മറ്റും വീണ് പരിക്കേൽക്കുന്നത് പതിവ് സംഭവമാണ്.