വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി

Advertisement

കൊല്ലം: മുത്തശ്ശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി. ഉളിയകോവില്‍, ജനകീയ നഗര്‍-40 ല്‍ പാര്‍വതി മന്ദിരത്തില്‍ യശോധ(85)യാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കൊച്ചുമകള്‍ പാര്‍വതി, ഭര്‍ത്താവ് ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- യശോദ ധരിച്ചിരിക്കുന്ന വളയും കമ്മലും ശരതും പാര്‍വ്വതിയും ആവശ്യപ്പെട്ടെങ്കിലും യശോദ ഇത് നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരത് യശോദയുടെ വായില്‍ തോര്‍ത്ത് തിരുകി കയറ്റി. പിന്നീട് പ്ലാസ്റ്റിക് ടേപ് ഒട്ടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ശേഷം ഇടതു കൈയ്യില്‍ കിടന്ന സ്വര്‍ണ വളയും കാതില്‍ കിടന്ന കമ്മലും ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയെ തള്ളിയിട്ട ശേഷം അലമാര കുത്തിത്തുറന്ന് 25,000 രൂപയും കവര്‍ന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശരത്തിന്റെ അടിയേറ്റ് വയോധികയുടെ മൂന്ന് പല്ലുകളും കൊഴിഞ്ഞിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം മുങ്ങിയ പ്രതികളെ കഴക്കൂട്ടത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് എസ്‌ഐമാരായ ദില്‍ജിത്ത്, ആശ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.