ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി ബസ് സർവ്വീസ് വേണമെന്ന ആവശ്യം ശക്തം, അതിനുപറ്റിയ റോഡ് എവിടെ എന്ന് മറുചോദ്യം

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ,അടൂർ താലൂക്കുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി ബസ് സർവ്വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യം മുടങ്ങാനുള്ള കാരണം മികച്ച റോഡിന്‍റെ അഭാവമാണ്.

എക്സ്പ്രസ്, പാസഞ്ചർ അടക്കം നിരവധി ടെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളതിനാൽ
ദിവസവും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉളളത്.എന്നാൽ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് എത്തിച്ചേരാനുള്ള യാത്രാ സൗകര്യം ഇല്ലാത്തത് തിരിച്ചടിയാകുന്നു.വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ആരംഭിച്ച്‌ കടപുഴയിൽ അവസാനിക്കുകയും തിരിച്ച് കരുനാഗപ്പള്ളിയിലേക്കും എന്ന രീതിയിൽ രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നു.റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനകരമായിരുന്നു.എന്നാൽ അധികനാൾ ഈ സർവ്വീസ് മുന്നോട്ട്
പോയില്ല.പത്തനംതിട്ട,അടൂർ, തെക്കുംഭാഗം,ചവറ,തേവലക്കര,
ശൂരനാട്,കുന്നത്തൂർ മേഖലകളിൽ നിന്നടക്കം നിരവധി യാത്രക്കാർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര ചെയ്യുന്നുണ്ട്.എന്നാൽ
പ്രധാന ജംഗ്ഷനുകളായ മൈനാഗപ്പള്ളി,കുറ്റിയിൽ മുക്ക്, ഐസിഎസ്,ആഞ്ഞിലിമൂട്, പൊട്ടക്കണ്ണൻ മുക്ക്,കാരാളിമുക്ക്, തോപ്പിൽ മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 2 മുതൽ 4 കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.ട്രെയിൻ കയറുന്നതിനും തിരികെ വീടുകളിലേക്ക് മടങ്ങുന്നതിനുപ്രധാന ജംഗ്ഷനുകളിലെത്തി ബസ് യാത്ര ചെയ്യുന്നതിന് ഒന്നുകിൽ ഇത്രയും ദൂരം നടക്കുകയോ അല്ലങ്കിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കുകയോ വേണം.ഇത് വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് വരുത്തുന്നത്.അടിയന്തിരമായി സ്റ്റേഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

സ്റ്റേഷനിലേക്കുള്ള റോഡ് സ്ഥലമെടുത്ത് വിപുലീകരിക്കുന്നതിനുള്ള നീക്കം മുമ്പ് സ്റ്റേഷന്‍ നില്‍ക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്ത് അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അത് അട്ടിമറിക്കപ്പെടുകയായിരുന്നു. റെയില്‍വേസ്റ്റേഷന് ചേര്‍ന്നുപോകുന്ന പൈപ്പ് റോഡ് ചവറ നിന്നും ശാസ്താംകോട്ട വരെ നേര്‍ രേഖ പോലെ പോകുന്ന റോഡ് ആണ് ഏറെക്കാലത്തെ സമരങ്ങള്‍ക്ക് ഒടുവില്‍ അത് ടാര്‍ ചെയ്തുവെങ്കിലും ചെറുവാഹനങ്ങള്‍ മാത്രം പോകുന്ന തരത്തില്‍ അത് അടച്ചുവച്ചിരിക്കയാണ് ജല അതോറിറ്റി. കാരാളിമുക്ക് ഭാഗത്ത് പ്രധാനപാതയിലേക്കുപോകുന്ന റോഡ് ഏറ്റവും ദൂരം കുറവാണെങ്കിലും അവിടെ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ ബ്രിഡ്ജിലേക്കു കയറാനാവാത്ത നിലയാണ്. വണ്ടിപ്പെരിയാര്‍ ഭരണിക്കാവ് റോഡ് ചവറയിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് അടുത്തുകൂടി ഹൈവേ തേവലക്കരയിലേക്ക് ചെന്നെത്തുന്ന ഒരു പ്രൊപ്പോസല്‍ പോയിട്ടുണ്ട്. എന്നാല്‍ അത് ഫയലില്‍ തന്നെയാണ്.

കരുനാഗപ്പള്ളി-ശാസ്താംകോട്ട,ചവറ-ശാസ്താംകോട്ട പ്രധാന പാതകളിലൂടെ പോകുന്ന കുറേ സ്വകാര്യ,സര്‍ക്കാര്‍ ബസുകള്‍ സ്റ്റേഷനിലൂടെ കടത്തിവഴിതിരിഞ്ഞ് പോകുകയാണ് ഏറ്റവും നല്ല രീതിയെന്ന അഭിപ്രായം വര്‍ഷങ്ങള്‍ക്കുമുമ്പേ ഉയര്‍ന്നതാണ്. സ്റ്റേഷനിലേക്ക് പുതിയ ബസുകള്‍ വരുന്നതിലും നല്ലതും പ്രായോഗികവും അധികൃതര്‍ക്ക് പെട്ടെന്ന് നടത്താവുന്നതും ഇതാണ്. കരുനാഗപ്പള്ളി ശാസ്താംകോട്ട ബസ് കുറ്റിയില്‍മുക്കില്‍നിന്നും തിരിഞ്ഞ് സ്റ്റേഷന്‍വഴി നെല്ലിക്കുന്നത്തുമുക്കിലൂടെ ആഞ്ഞിലിമൂടിലെത്തിയാല്‍ മതിയാകും. ചവറ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ കാരാളിമുക്കില്‍ നിന്നും സ്റ്റേഷന്‍ വഴി നെല്ലിക്കുന്നത്തുമുക്ക് ആഞ്ഞിലിമൂട് വഴിയോ ഐസിഎസ് ആഞ്ഞിലിമൂട് വഴിയോ യാത്ര തുടരാനാകും. ഇതിനെല്ലാം വീതിയുള്ള റോഡ് ആവശ്യമാണ്. പൈപ്പ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത് വീതി കൂട്ടി ബസ് അനുവദിക്കാവുന്നതാണ്. ഇത് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ചവറനിന്നും-ശാസ്താംകോട്ടക്ക് ഒന്നാന്തരമൊരു ഹൈവേ ലഭിക്കും . എന്നാല്‍ ഇതിനെല്ലാം വേണ്ടത് ആര്‍ജ്ജവമുള്ള ജനപ്രതിനിധികളും ഭരണാധികാരികളുമാണെന്നതാണ് ഖേദകരം.

Advertisement