ഖദറിന്‍റെ പളപളപ്പല്ല ഇത് മീനിന്‍റെ പിടപിടപ്പ്

Advertisement

ശാസ്താംകോട്ട. പടപട നില്‍ക്കുന്ന ഖദര്‍ ഊരിവച്ചിട്ട് പെടക്കുന്ന മീനിനുപിന്നാലെ പോയ നേതാവിന്‍റെ കഥയാണിത്. യൂത്ത്കോണ്‍ഗ്രസ് നേതാവ് നിഥിന്‍ ആണ് പൊതുപ്രവര്‍ത്തകന്‍റെ കുപ്പായമൂരിവച്ച് ചെളിയിലേക്കിറങ്ങിയത്. തിഥിന്‍ പടിഞ്ഞാറേകല്ലടയില്‍ ആരംഭിച്ച പ്രകൃതി കായല്‍മല്‍സ്യങ്ങള്‍ പെട്ടെന്ന് സൂപ്പര്‍ ഹിറ്റായി. മീന്‍ ആരാധകര്‍ക്കായി തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പില്‍ സദാ തിരക്ക്.

പ്ളസ്ടു കൊമേഴ്സിന് പടിഞ്ഞാറേകല്ലട ഗവ എച്ച്എസ്എസില്‍ ടോപ്പറായി പിന്നീട് ‍ഡിഗ്രിപൂര്‍ത്തിയാക്കിയ നിഥിന്‍ കെഎസ് യു ബ്ളോക്ക് പ്രസിഡന്റ് യൂത്ത്കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് എന്നീസ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത്കോണ്‍ഗ്രസ് മീഡിയാ സെല്‍ സ്റ്റേറ്റ് ചെയര്‍മാന്‍ എന്ന നിലയിലും നല്ലപ്രവര്‍ത്തനം നടത്തി.

ജീവിതത്തിന് വഴി തേടി ഇന്‍ഷൂറന്‍സ് ഏജന്‍റിന്‍റെ പണി കരാര്‍ വര്‍ക്കുകള്‍ എന്നിവയൊക്കെ ചെയ്തു. അടുത്തിടെയാണ് വിഷമില്ലാത്ത മീനിനോട് ജനങ്ങള്‍ക്കുള്ള താല്‍പര്യം മനസിലാക്കി പുതിയ കളത്തിലിറങ്ങാമെന്ന് വച്ചത്. അഷ്ടമുടിക്കായലും കല്ലടആറും കടലും എല്ലാം ചുറ്റിനുമുണ്ടെങ്കിലും മീന്‍ വിശ്വസിച്ച് വാങ്ങാനാവില്ല. പ്രത്യേകിച്ച് കായല്‍മല്‍സ്യങ്ങള്‍.ആദ്യമൊരു ഭയമുണ്ടായിരുന്നു. ഒരു പാരമ്പര്യവുമില്ല. തുണയായത് സുഹൃദ് വലയം.പ്രചരണം അവരേറ്റെടുത്തു.

കടം വാങ്ങിയ 5000രൂപയുമായി വെള്ളത്തിലേക്കിറങ്ങിയ നിഥിന് ഇപ്പോള്‍ പിടിച്ചുനില്‍ക്കാമെന്നായി. തല്‍ക്കാലം വലിയ സ്ഥാപനത്തിനൊന്നും പോകുന്നില്ല,ആര്‍ഭാടത്തിന് പോകാത്തതിനാല്‍ ലോണ്‍ അടയ്ക്കേണ്ട. നാളെത്തെ അന്നത്തിനുള്ളത്ത് എവിടെയോ നീന്തി നടപ്പുണ്ട്. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഓഫീസിനടുത്ത് നിഥിന്‍റെ തട്ടില്‍ രാവിലെ മീനെത്തും. കായല്‍മീനും കുളമീനുമാണ് മുഖ്യം.ഒന്നാംതരം ഞണ്ടും കിട്ടും. ഓര്‍ഡര്‍ അനുസരിച്ച് എത്തിക്കാനും ആളുണ്ട്. പരിചയമുള്ള കടവുകളില്‍നിന്നും നേരിട്ട് ലേലം ചെയ്ത് മീനെത്തിക്കും. മഴയായതോടെ പൊടിമീനും ആളുണ്ട്.

പൊതുപ്രവര്‍ത്തകന്‍റെ കുപ്പായം താഴെവച്ചിട്ടൊന്നുമില്ലെന്ന് നിഥിന്‍ പറയുന്നു.എല്ലാ സമര ങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നില്‍തന്നെ ഈ യുവാവുണ്ട്.