ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍വഴി ബസ് ലഭിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗമുണ്ട്

Advertisement

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടി ബസ് സര്‍വീസ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായി മാറിയിരിക്കയാണ്. എക്സ്പ്രസ് ട്രയിനുകള്‍ അടക്കം ധാരാളം ട്രയിനുകള്‍നിര്‍ത്തുന്ന ഇവിടെ ബസ് സൗകര്യമില്ലാത്തത് ഏറ്റവും വലിയ പ്രശ്നമാണ്. ബസ് സര്‍വീസുകള്‍ ഉള്ള റോഡ് ഏറെ അകലെക്കൂടി ആയതിനാല്‍ സ്വകാര്യ യാത്രാമാര്‍ഗങ്ങള്‍ മാത്രമാണ് അകലെയുള്ള യാത്രക്കാര്‍ക്ക് ആശ്രയം. അടൂര്‍ മുതല്‍ ചവറ വരെയുള്ളവരും കിഴക്കേകല്ലടമുതല്‍ ശൂരനാട് വരെയുള്ളവരും ഇവിടെ എത്തി ട്രയിന്‍ പിടിക്കുന്നുണ്ട്. പ്രധാന പാതകളിലെ കുറേ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍വഴി തിരിച്ചുവിട്ടാല്‍ പ്രശ്നം പരിഹരിക്കാമെങ്കിലും സ്റ്റേഷന് ,സമീപത്തുകൂടിയുള്ള റോഡുകളുടെ ഇടുക്കം മൂലം ഇത് ചിന്തിക്കാനാവാത്ത നിലയാണ്. പഞ്ചായത്ത് റോഡ് വിപുലീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിന് മുഖ്യകാരണം സമീപവാസികളുടെ താല്‍പര്യക്കുറവാണ്.

കരുനാഗപ്പള്ളി ശാസ്താംകോട്ട റൂട്ടിലോടുന്ന കുറച്ച് സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ ഇതുവഴി തിരിച്ചുവിടാന്‍ മാര്‍ഗമുണ്ട്. കുറ്റിയില്‍മുക്കില്‍നിന്നും ചില ബസുകള്‍ കാവല്‍പ്പുരമുക്കുവരെയെത്തി വലതു തിരിഞ്ഞ് പൈപ്പുറോഡുവഴി ആഞ്ഞിലിമൂട് ഭാഗത്തേക്ക് എത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. കാവല്‍പ്പുരമുക്ക് ശാസ്താംകോട്ട സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം എത്തുന്ന സ്ഥലമാണ്. ശാസ്താംകോട്ട ടൗണില്‍ സ്റ്റേ ചെയ്യാനെത്തുന്ന കുറച്ചു ബസുകളുടെ റൂട്ട് സ്റ്റേഷന്‍വരെ നീട്ടി നല്‍കിയും പ്രശ്നം പരിഹരിക്കാം.

ഇനി പൈപ്പ് റോഡിന്‍റെ കാര്യം,പരിതാപകരമെങ്കിലും പൈപ്പ് റോഡിന് ആവശ്യത്തിലേറെ വീതിയുണ്ട് വളവില്ലാത്ത നല്ല ഉറച്ച റോഡാണ്. അനുമതി നല്‍കാതെ ജല അതോറിറ്റി പിടിച്ചുവച്ചിരിക്കയാണ്. വലിയ വാഹനം കടക്കാതെ ഇരുമ്പുതൂണുകള്‍ നാട്ടിയിട്ടുമുണ്ട്. ഇതൊക്കെ ഉന്നതാധികൃതരുടെ തീരുമാനത്തിലൂടെ അനുകൂലമായി നടക്കും. പൈപ്പ് റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്തിന് കഴിയും . ശാസ്താംകോട്ട പഞ്ചായത്ത് ഒരുദശാബ്ദത്തിനുമുമ്പ് അതു തെളിയിച്ചതാണ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ത്രിതല സംവിധാനം ഉണര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാനാവും.

Advertisement