അയണിവേലിക്കുളങ്ങര നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കാൻ നടപടി

Advertisement

കരുനാഗപ്പള്ളി . വയൽ നികത്തിയ സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരെ റവന്യൂ അധികൃതർ നടപടി തുടങ്ങി. നികത്തിയ 1.35 ഏക്കർ വയൽ പൂർവ സ്ഥിതിയിലാക്കാനാണ് നടപടി ആരംഭിച്ചത്.
അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിനു എതിർവശമുള്ള വയലാണ് സ്വകാര്യ വ്യക്തി നികത്തിയത്.ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇത് നികത്തുന്നത് തടഞ്ഞുകൊണ്ട് 2020-ൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.  തുടർന്ന് നികത്തിയ വയൽ പൂർവ സ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടു. 
എന്നാൽ, ഇതിനാവശ്യമായ ഫണ്ട് ലഭ്യമാകാത്തതു കാരണം മണ്ണ് നീക്കം ചെയ്യാന്നായില്ല.  ഇതിനിടയിൽ കളക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ഒരാൾ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.  ഹർജി പരിഗണിച്ച ഹൈകോടതിയാണ് എത്രയും വേഗം മണ്ണ് നീക്കം ചെയ്യാൻ ഉത്തരവായത്. ഇതുസംബന്ധിച്ച് അടുത്ത ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.  ഇതേ തുടർന്നാണ് ഞായറാഴ്ച രാവിലെ മുതൽ അടിയന്തിരമായി മണ്ണ് നീക്കം ചെയ്തു തുടങ്ങിയത്.
എൽ ആർ തഹസിൽദാരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്തു തുടങ്ങിയത്.  മൂന്നു വീതം ജെസിബിയും ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. വയൽ നികത്തിയ ഭാഗത്ത് ഒരു  ആക്രിക്കടയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള സാധനസാമഗ്രികൾ ആക്രിക്കട നടത്തിപ്പുകാർ തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
എൽആർ തഹസിൽദാർ ആർ സുശീല, ഡെപ്യൂട്ടി തഹസിൽദാർമാരായ അരുൺകുമാർ, സജീവ്, എ ആർ അനീഷ്, വില്ലേജ് ഓഫീസർ അജയകുമാർ, റവന്യൂ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ചിത്രം: അയണിവേലിക്കുളങ്ങരയിൽ നികത്തിയ വയൽ അധികൃതർ പൂർവ്വസ്ഥിതിയിലാക്കുന്നു.