കരുനാഗപ്പള്ളി: ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന പുത്തൻതെരുവിലെ പഞ്ചായത്ത് വക സ്റ്റേഡിയത്തിലെ പബ്ലിക് ടോയ്ലറ്റിനോട് ചേർന്ന് ചേർന്ന് പഞ്ചായത്ത് നിർമ്മിക്കുന്ന കുഴൽ കിണർ നിർമ്മാണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. നിർമ്മാണ പ്രവർത്തനം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉപരോധിച്ചു തുടർന്ന് പോലീസ് ഇടപെടുകയും നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. ഈ കുഴൽ കിണറിൽ നിന്നും വെള്ളമെടുത്താൽ ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടി കാണിച്ചു. പഞ്ചായത്തിന്റെ തന്നെ ഉപയോഗശൂന്യമായി നിരവധി വസ്തുക്കൾ കിടന്നിട്ടും യുവജനങ്ങൾ ഫുട്ബോൾ കളിക്കുന്ന സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി കുഴൽക്കിണർ നിർമ്മിക്കുവാനുള്ള നീക്കം സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.കരുനാഗപ്പള്ളിയിലെ കായിക വിനോദരംഗത്തെ ഏകപ്രതീക്ഷയാണ് പുത്തൻ സ്റ്റേഡിയം. 1992 കായിക വിനോദങ്ങൾക്ക് വേണ്ടി അന്നത്തെ ഭരണസമിതിയുടെ തീരുമാനപ്രകാരം വില കൊടുത്തു വാങ്ങിയ 85 സെന്റ് ഭൂമിയിൽ പിന്നീട് വന്ന ഭരണസമിതിക്കാർ കായിക വിനോദങ്ങൾക്ക് വേണ്ടി ഒന്നും നടപ്പിലാക്കാതെ മറ്റു പദ്ധതികൾ കൊണ്ടുവന്ന സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാട്ടർ ടാങ്ക്, ഉപയോഗശൂന്യമായ ടോയ്‌ലറ്റുകൾ, കാർഷിക വിപണനത്തിന്റെ പേരിൽ ഉപയോഗശൂന്യമായ കെട്ടിടം പണിഞ്ഞ് സ്ഥലപരിമിതമാക്കിയതും,സ്റ്റേഡിയത്തിന്റെ മുൻവശത്ത് നിന്നും കോടികൾ വിലമതിക്കുന്ന 5 സെന്റ് ഭൂമി താലൂക്ക് ലൈബ്രറി കൗൺസിൽ പതിച്ചുകൊടുത്തതും പഞ്ചായത്ത് ഭരണസമിതി യുവജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചന യാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എസ് സുധീർ,കെ എം നൗഷാദ് ഇർഷാദ് ബഷീർ, അസ്ലം ആദിനാട്, അൽത്താഫ്, കെ എസ് പുരം അഫ്സൽ, സുമയ്യ, ആഷിക് തുടങ്ങിയവർ നേതൃത്വം നൽകി