ശാസ്താംകോട്ട:മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മരം കയറ്റ തൊഴിലാളിക്ക് ജീവിതത്തിലേക്ക് മടങ്ങാൻ വേണം ഒരു ലക്ഷം രൂപ.പക്ഷേ ഇത് ഈ കുടുംബത്തിന് ഒരു വലിയ തുകയാണ്. അത് കണ്ടെത്തുകയെന്നത് ഈ കുടുംബത്തിന് അസാധ്യവുമാണ്.
മൈനാഗപ്പള്ളി കടപ്പ പാറപ്പുറത്ത് വീട്ടിൽ ബാബുക്കുട്ടൻ (54) ആണ് ശസ്ത്രക്രിയ നടത്താൻ വേണ്ടി പണം കണ്ടെത്താൻ കഴിയാതെ ദുരിത ജീവിതം നയിക്കുന്നത്.ഈ മാസം 9ന് മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും നട്ടെല്ലിന്റെ ഇടുപ്പെല്ലുകളും കാലിന്റെ തുട എല്ലുകളും തകർന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സ്വന്തമായി വസ്തുവും വീടും ഇല്ലാത്തതിനാൽ റേഷൻ കാർഡോ ആരോഗ്യ ഇൻഷ്വറൻസ് കാർഡുകളോ അടക്കം ഇല്ല.ഇതിനാൽ ശസ്ത്രക്രിയക്ക് വേണ്ടുന്ന സാധനങ്ങൾ പുറത്ത് നിന്ന് വാങ്ങി കൊടുക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.ഒരു ലക്ഷം രൂപയോളം വേണ്ടി വരുമെന്നതിനാൽ തുക കണ്ടെത്താൻ കഴിഞ്ഞില്ല.ഒരാഴ്ചയോളം തുക കണ്ടെത്താൻ പരിശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനെ തുടർന്ന് ഓപ്പറേഷൻ നടത്താതെ നാട്ടിലേക്ക് മടങ്ങി.ബന്ധുവിന്റെ വീട്ടിലെ കാലിതൊഴുത്ത് തുണികൾ കൊണ്ട് മറച്ച് അതിലാണ് താമസം.രണ്ടാഴ്ചയിൽ ഏറെയായി വേദന തിന്ന് ഒന്ന്ചലിക്കാൻ പോലുമാകാതെ കിടക്കുകയാണ് ബാബുക്കുട്ടൻ.എത്രയും വേഗം ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് ഈ കുടുംബം. ശാരദയാണ് ഭാര്യ.ഇവർക്ക് മക്കളില്ല.
ഇവരുടെ ദുരിതം അറിഞ്ഞ് കുറ്റിയിൽമുക്കിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തുക കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.ഗൂഗിൾ പേ നമ്പർ:7034095743.അക്കൗണ്ട് നമ്പർ:
എസ്.ബി.ഐ ശാസ്താംകോട്ട -38581479033.ഐഎഫ്എസ്ഇ – എസ്ബിഎൻ0070450.