തേവലക്കര. ചവറ ശാസ്താംകോട്ട പ്രധാനപാത വന്‍തോതില്‍ തകര്‍ന്നുകുഴിയാകുന്നു. ഏതാണ്ട് പത്തുവര്‍ഷംമുമ്പ് മികച്ച നിലയില്‍ പുനര്‍നിര്‍മ്മിച്ച് ടാറിംങ് നടത്തിയ റോഡാണ് വന്‍ കെണിയായി ദിനംപ്രതി മാറുന്നത്. പലയിടത്തും വലിയ കുഴികളാണ് രൂപപ്പെടുന്നത്. മഴവെള്ളം കെട്ടുന്നിടത്ത് പ്രത്യേകിച്ചും. ഹൈടെക് റോഡ് ഒരു കിലോമീറ്ററിന് ഒരു കോടിയില്‍പ്പരം രൂപയ്ക്കാണ് പുനര്‍നിര്‍മ്മിച്ചത്. ഇതിനിടെ പൈപ്പുലൈന്‍ വിന്യാസത്തിന് വശം കുഴിച്ചതുവഴി ചിലയിടത്ത് ബലക്ഷയമുണ്ടായി.
ഇപ്പോള്‍ പെട്ടെന്ന് പലയിടത്തും ഒന്നും രണ്ടും അടി വ്യാസമുണ്ട് കുഴികള്‍ പ്രത്യക്ഷപ്പെടുകയാണ്. മഴക്കാലമായതോടെ ഇത് കൂടുതലായി തകരുന്നുണ്ട്. തോപ്പില്‍ മുക്കിലും അരിനല്ലൂരിലും വലിയ കുഴികളായിക്കഴിഞ്ഞു. തോപ്പില്‍ മുക്കിലെ വളവില്‍ ഗട്ടര്‍ രൂപപ്പെട്ടത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.ഓരോ മഴയിലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിര്‍മ്മിച്ച ഓട അടഞ്ഞിരിക്കയാണ്.