സ്വര്‍ണാഭരണ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

Advertisement

കുണ്ടറ: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസില്‍ രണ്ടുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി (48), കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് (67) എന്നിവരാണ് അറസ്റ്റിലായത്.
കരിക്കോട് സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവി (74)യുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷം അതെപോലുള്ള വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു.
ഫാത്തിമ ബീവിയുടെ സഹോദരന്റെ മക്കള്‍ അമീന ഫാത്തിമയുടെ ദേഹത്തെ അലര്‍ജി കണ്ട് സംശയം തോന്നി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.