ശാസ്താംകോട്ട: ശക്തമായ മഴയിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ രണ്ട് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
മൈനാഗപ്പള്ളി കടപ്പ തണ്ടശ്ശേരിൽ ഉഷ,കടപ്പ പറയരയ്യത് വീട്ടിൽ രാമചന്ദ്രൻ,മൈനാഗപ്പള്ളി
ചന്ദ്രിക മന്ദിരത്തിൽ ചന്ദ്രികാ ദേവി എന്നിവരുടെ വീടുകളാണ് തകർന്നത്.ഉഷയുടെ വീടിന്റെ ഒരു ഭാഗം ബുധനാഴ്ച ആഞ്ഞു വീശിയ കാറ്റിലാണ് ഇടിഞ്ഞു വീണത്.ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.കടപ്പ പറയരയ്യത് വീട്ടിൽ രാമചന്ദ്രന്റെ വീട് വീട് പൂർണ്ണമായും തകർന്നു.ചന്ദ്രികാ ദേവിയുടെ വീടിന്റെ മുകളിലേക്കു പ്ലാവ്,തേക്ക് എന്നിവ ഒടിഞ്ഞു വീഴുകയായിരുന്നു.
പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തൊളിക്കൽ എലായിൽ വ്യാപകമായ തോതിൽ കൃഷി നശിച്ചു.കുലച്ച നൂറ് കണക്കിന് ഏത്ത വാഴകളാണ് നശിച്ചത്.ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് നശിച്ചത്.പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്.നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ അധികൃതർ എത്തി പരിശോധന നടത്തി.