സാധ്യമാകുന്നിടത്തോളം കൃഷി നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂര്‍ പാം വ്യൂ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണത്തില്‍ കൂണിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്‍നിര്‍ത്തി ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണവും ഉറപ്പാക്കണം. കൂണിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കിവരികയാണ്. കൂണ്‍ കൃഷി പരിശീലിപ്പിക്കുന്നത് പോലെ അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് സംവിധാനത്തിലും ഉന്നത നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കും. കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യ സംരക്ഷണം നടത്താനാകുമെന്ന് എല്ലാവരും തിരിച്ചറിയണം. കേരള ഗ്രോ എന്ന ബ്രാന്‍ഡ് സര്‍ക്കാര്‍ ഉറപ്പാക്കിയത് വഴി കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി മൂല്യം കൂടി ഉയരും. സംസ്ഥാനത്ത് 14 ഇടങ്ങളില്‍ കേരള ഗ്രോ സ്റ്റോളുകള്‍ തുറക്കുന്നത് പരിഗണനയിലാണ്. കാര്‍ഷിക ഉല്‍പന്ന പ്രദര്‍ശനം വിപുലമായി നടത്താനും ഉദ്ദേശിക്കുന്നു. കാര്‍ഷിക സംരംഭകര്‍ക്ക് പ്രോത്സാഹനം ആകുന്ന വിധം ഡി പി ആര്‍ ക്ലിനിക് പുനലൂരില്‍ നടത്തും. ഓയില്‍ പാമിന്റെ ആധുനീകരണ- വികസന പരിപാടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിന്ധു ദേവി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, മികവു പുലര്‍ത്തിയ കൂണ്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.