തടാക തീരത്ത് മാലിന്യം തള്ളിയനിലയില്‍, അടിയന്തര നടപടിയില്ലെങ്കില്‍ അപകടമെന്ന് തടാക സംരക്ഷണ സമിതി

Advertisement

ശാസ്താംകോട്ട. തടാക തീരത്ത് വേങ്ങയില്‍ അടുത്തിടെ നികത്തിയ ഭൂമിയില്‍ ഓടമാലിന്യം തട്ടിയതായി കണ്ടെത്തി. ചവറ ശാസ്താംകോട്ട പ്രധാനപാതയില്‍ നെല്ലിക്കുന്നത്ത് മുക്കിന് തെക്കുവശത്ത് ആണ് മാലിന്യം തട്ടിയതായി കണ്ടത്. അടുത്തിടെ ഭൂമി മണ്ണിട്ട് നികത്തിയത് റവന്യൂഅധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഈ ഭൂമിയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഓട കോരിയ മാലിന്യം തട്ടിയത്. തടാക സംരക്ഷണസമിതി നേതാക്കള്‍ സ്ഥലത്തെത്തി റവന്യൂ, പൊലീസ് അധികൃതര്‍ക്ക് പരാതിനല്‍കി,മഴക്കാലമായതിനാല്‍ മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടു.

പ്രദേശത്ത് ഓട കോരല്‍ ജോലി നടത്തിയവരെ കണ്ടെത്തി നടപടി എടുക്കണം. സാധാരണ മാലിന്യം തള്ളുന്നതിനെതിരെ സ്വീകരിക്കുന്ന നടപടികളല്ല, കൊല്ലം നഗരത്തിലും നിരവധി പഞ്ചായത്തുകളിലും കുടിവെള്ളം നല്‍കുന്ന ജലസ്രോതസിനെ മലിനപ്പെടുത്തുന്നത് ഗൗരവമായി കാണണം. ഏതെങ്കിലും സാമൂഹിക വിരുദ്ധ ശക്തികള്‍ വിചാരിച്ചാല്‍ നാടിന്‍റെ കുടിനീര്‍ ഇല്ലാതാക്കാന്‍ പോലും സാധിക്കും. റാംസര്‍ സൈറ്റ് എന്ന പരിഗണനയോ അതിനുതക്ക സുരക്ഷയോ അധികൃതര്‍ നല്‍കാത്തത് ഖേദകരമാണ്. തടാകത്തിന് ചുറ്റുമുള്ള റോഡുകളിലും മര്‍മ്മപ്രധാന കേന്ദ്രങ്ങളിലും സിസി ടിവി ഉറപ്പാക്കണം. തടാകത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി ,വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.