കൊല്ലം: മാധ്യമ പ്രവർത്തകരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിനെ സർവ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പിട്ട കരാറിന്റെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ ഔദാര്യമായി മാറിയിരിക്കുന്നു. മാധ്യമ പ്രവർത്തകർ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പാർലമെന്റിൽ സംസാരിക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കോർപ്പറേറ്റുകൾക്കു വേണ്ടി സംസാരിക്കാനാണ് ഭൂരിപക്ഷ അംഗങ്ങൾക്കും താല്പര്യം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്ന അംഗങ്ങളെ പുച്ഛത്തോടെയാണ് കാണുന്നതെന്നും എംപി പറഞ്ഞു. അന്തരിച്ച മുതിർന്ന മാധ്യമ പ്രവർ ആകൾ യു വിക്രമന്റെ സഹധർമ്മിണി സീതാ വിക്രമനെ എംപി ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ അധ്യക്ഷനായിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, കേരള ബാങ്ക് എക്സി. ഡയറക്ടര്‍ അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. കെ രാജൻ ബാബു സ്വാഗതം പറഞ്ഞു. പി സി വിഷ്ണുനാഥ് എംഎല്‍എ അഭിവാദ്യപ്രസംഗം നടത്തി. സി വിമല്‍ കുമാര്‍ നന്ദി പറഞ്ഞു.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ അതുല്യ സംഭാവന നൽകിയ ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരെ മന്ത്രി ആദരിച്ചു.
എസ് ആര്‍ ശക്തിധരന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പി എ അലക്സാണ്ടര്‍ (പേട്രണ്‍), കെ ജനാര്‍ദനന്‍നായര്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെഎച്ച്എം അഷറഫ്(ജനറല്‍ സെക്രട്ടറി), ജെ ആര്‍ പറത്തറ, ഉഷാ ശശി, രാജന്‍ബാബു (വൈസ് പ്രസിഡന്റുമാര്‍), സി ശിവന്‍, വി ആര്‍ രാജ്മോഹന്‍, സി പി സുരേന്ദ്രന്‍ (സെക്രട്ടറിമാര്‍), എം ടി ഉദയകുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.