കൊല്ലം: കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് വേണ്ടുന്ന സുരക്ഷാക്രമീകരണങ്ങള്‍ വൈകാതെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആഗസ്ത് മൂന്നിനാണ് കര്‍ക്കിടക വാവ്. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്ക്, കടല്‍ക്ഷോഭം സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തമാക്കും. ശുദ്ധജല വിതരണം, ഹരിതചട്ട പാലനം, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സൗകര്യം, ബയോ ടോയ്ലറ്റ് ഉള്‍പ്പടെയുള്ള ശൗചാലയ സംവിധാനങ്ങള്‍ എന്നിവ ക്ഷേത്രഭരണ സമിതികളുടെ ചുമതലയാണ്.
പോലീസ്- അഗ്നിസുരക്ഷാ-മറൈന്‍ പോലീസ്-ഫിഷറീസ് സേനകളുടെ വിന്യാസം എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. സ്ത്രീസുരക്ഷ കണക്കിലെടുത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സ്ത്രീകളുടെ തിരക്ക് ഏറിയ ഇടങ്ങളില്‍ നിയോഗിക്കും.
കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ എല്ലാ വര്‍ഷത്തെയും പോലെ ബലിത്തര്‍പ്പണ കേന്ദ്രങ്ങളില്‍ സജീവമായിരിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കുള്ള റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തുവാനും ദിശാബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കേണ്ടതുണ്ട്. സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എഡിഎം സി.എസ്. അനില്‍, പോലിസ്-എക്സൈസ്-അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, നഗരസഭ ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.