ശാസ്താംകോട്ട:പോരുവഴി വടക്കേമുറി താഴത്തു കിഴക്കതിൽ
ശ്രീജിത്തും വീട്ടുകാരും കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി.വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം കാണാനില്ല.ഇതിനൊപ്പം ഉണ്ടായിരുന്ന നിലവിളക്കും കിണ്ടിയും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ അവിടെ തന്നെയുണ്ട്.മോഷണം പോയതാകട്ടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത
തൊട്ടാൽ പൊട്ടുന്ന തരത്തിലുള്ള വിഗ്രഹവും.ഉടൻ തന്നെ നിരീക്ഷണ ക്യാമറ പരിശോധിച്ചു.പുലർച്ചെയാണ് മോഷണം നടന്നിരിക്കുന്നത്.ഒരാൾ യാതൊരു കൂസലുമില്ലാതെ നടന്നെത്തി സിറ്റൗട്ടിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം മാത്രം എടുത്തു കൊണ്ട് പോകുന്നു.സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ സഹിതം ശ്രീജിത്ത് ശൂരനാട് പോലീസിൽ പരാതി നൽകി.കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസിന് പ്രതിയെ കണ്ടെത്താൻ അധിക സമയം വേണ്ടിവന്നില്ല.
ശ്രീജിത്തിന്റെ അയൽവാസിയായ യുവാവ് തന്നെയാണ് പ്രതി.ഇയ്യാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പൊലീസും ഞെട്ടി.”കൃഷ്ണ വിഗ്രഹം കവർന്നത് താനല്ല ശിവനാണ്,കൃഷ്ണനെ ശിവന് വലിയ ഇഷ്ടമാണ്”.അല്പം മാനസിക ബുദ്ധിമുട്ടുള്ള യുവാവിന്റെ വിവരണം കേട്ട് പൊലീസും പരാതിക്കാരനും ഉൾപ്പെടെ എല്ലാവർക്കും ചിരി നിയന്ത്രിക്കാനായില്ല.മറ്റൊന്നും വിവരിക്കേണ്ടി വന്നില്ല.ഒടുവിൽ കട്ടെടുത്ത വിഗ്രഹത്തിനു പകരം മറ്റൊരെണ്ണം വാങ്ങി ശ്രീജിത്തിന് നൽകി പ്രശ്നം പരിഹരിച്ച പോലീസ് കേസെടുക്കാതെ യുവാവിനെ വിട്ടയക്കുകയും ചെയ്തു.