കുണ്ടറ:700 പേപ്പർ താളുകൾ
1850 പേപ്പർ പീസുകളിലേക്ക് വഴിമാറിയപ്പോൾ പിറവി കൊണ്ടത് ജീവൻ തുടിക്കുന്നൊരു മയിൽ.പീലി വിടർത്തിയ മയിലഴകിൽ ആനന്ദം കൊള്ളുന്നത് മറ്റാരുമല്ല ശിവാനിയെന്ന 17 കാരിയും.അവധിക്കാലത്ത് തോന്നിയൊരു കൗതുകം ഇപ്പോൾ നാട്ടുകാരുടെയാകെ മനം കവർന്നിരിക്കയാണ്.കുണ്ടറ പെരുമ്പുഴ ത്രിവേണി ജംഗ്‌ഷൻ കിഷോർ മന്ദിരത്തിൽ ശശികുമാറിന്റെയും സ്മിതയുടെയും ഏക മകളാണ് ശിവാനി.കുണ്ടറ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം.പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാലത്തെ വിരസതയകറ്റാൻ യുട്യൂബ് നോക്കിയാണ് മയിൽ നിർമ്മാണത്തിലേക്ക് കടന്നത്.ആഴ്ചകൾക്കുളളിൽ മയിൽ പീലിവിടർത്തി.

ചിത്രരചന, പെൻസിൽ ഡ്രോയിങ്,ജലച്ചായം, എണ്ണച്ചായം,കൊളാഷ്
ബോട്ടിൽ ആർട്ട്,പ്രതിമാ നിർമ്മാണം എന്നു വേണ്ട എല്ലാ രംഗത്തുമുള്ള ശിവാനി ടച്ച് ശ്രദ്ധേയമാണ്.ചെറുപ്രായം മുതൽ ശിവാനിയിലെ കലാകാരിയെ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.
തുടർന്ന് ചിത്രരചന പഠിക്കാൻ വിട്ടു.അടുത്ത വീട്ടിലെ ടീച്ചറായിരുന്നു ഗുരു.കൊളാഷ്,ഓയിൽ പെയിന്റിംഗ് എന്നിവ യുട്യൂബിലൂടെയാണ് പഠിച്ചത്.
നൃത്തരംഗത്തും ശിവാനി സജീവമാണ്.കുച്ചിപ്പുടി,ഭരതനാട്യം എന്നിവയിൽ ഹൈസ്കൂൾ തലത്തിൽ തന്നെ അരങ്ങേറ്റം കഴിഞ്ഞു.കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ ഒപ്പനയ്ക്ക് എ-ഗ്രേഡും കരസ്ഥമാക്കി.മറ്റുള്ളവയ്ക്ക് ജില്ലാതലത്തിലും ഗ്രേഡുകൾ വാരിക്കൂട്ടി.പ്ലസ്ടു പരീക്ഷയിൽ
1200ൽ1194 മാർക്ക് നേടിയ ശിവാനിക്ക് നഷ്ടപ്പെട്ട 6 മാർക്കിനെ കുറിച്ചോർക്കുമ്പോൾ കണ്ണുകൾ ഈറനണിയും.കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ എക്കണോമിക്സ് ബിരുദത്തിന് അഡ്മിഷൻ എടുത്തിരിക്കയാണ് ശിവാനി.