കൊല്ലം: ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്) യുടെയും കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.
അഗ്നിശമന മാര്‍ഗങ്ങള്‍, ജലാശയ രക്ഷാപ്രവര്‍ത്തനം, വിവിധ തരത്തിലുള്ള മുറിവുകള്‍, ഒടിവുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വിധം, സിപിആര്‍ നല്‍കുന്ന വിധം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ടത് തുടങ്ങി പലവിധ അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നല്‍കിയത്. കോളേജിലെ എന്‍സിസി, എന്‍എസ്എസ് അംഗങ്ങളായ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കുന്നത്തൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി. പ്രകാശ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അരുണ്‍ ഷനോജ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് എന്നിവര്‍ സംസാരിച്ചു. കമ്മാന്‍ഡര്‍ അലോക് കുമാര്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.