ഫിഷ് ലാന്റിംഗിന് പുതിയ ക്രമീകരണങ്ങള്‍

Advertisement

കൊല്ലം: തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബറില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോര്‍ട്ട് കൊല്ലം, വാടി ഫിഷ് ലാന്റിംഗ് സെന്ററുകള്‍ക്ക് പുറമേ വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന മുദാക്കര, തങ്കശ്ശേരി ഫിഷ് ലാന്റിംഗ് സെന്ററുകള്‍ എട്ടിന് രാവിലെ 6 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതാണ്.
തങ്കശ്ശേരി മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ തങ്കശ്ശേരി ഫിഷ് ലാന്റിംഗ് സെന്ററിലും വാടി മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ വാടി ലാന്റിംഗ് സെന്ററിലും മൂദാക്കര മത്സ്യഗ്രാമത്തിലെ മത്സ്യബന്ധന യാനങ്ങള്‍ മുദാക്കര ലാന്റിംഗ് സെന്ററിലും പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം എന്നീ മത്സ്യഗ്രാമത്തിലെ യാനങ്ങള്‍ പോര്‍ട്ട് കൊല്ലം ലാന്റിംഗ് സെന്ററിലും മാത്രം കരയ്ക്കടുപ്പിച്ച് മത്സ്യവിപണനം നടത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രാത്രിയില്‍ മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന വാടി ലാന്റിംഗ്’ സെന്ററും പകല്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോര്‍ട്ട് കൊല്ലം ലാന്റിംഗ് സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
മത്സ്യം വാങ്ങുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള 5 പ്രവേശന കവാടങ്ങളില്‍ മുദാക്കര, ജോനകപ്പുറം എന്നിവിടങ്ങളിലെ കവാടങ്ങള്‍ അടച്ചിടും. തങ്കശ്ശേരി, വാടി, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ കവാടങ്ങളിലൂടെ ടോക്കണ്‍ സമ്പ്രദായത്തിലൂടെ മാത്രമേ ലാന്റിംഗ് സെന്ററുകളിലേയ്ക്ക് കടത്തിവിടുകയുള്ളു ചെറുകിട വാഹനങ്ങള്‍ക്ക് പരമാവധി 5 മണിക്കൂര്‍ വരെയും വലിയ വാഹനങ്ങള്‍ക്ക് പരമാവധി 8 മണിക്കൂറും മാത്രമേ പാര്‍ക്കിംഗിന് അനുവാദമുള്ളൂ.
ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മാത്രമേ വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കു. അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ ഹാര്‍ബറിന് വെളിയില്‍ സ്ഥലം കണ്ടെത്തി സ്വന്തം നിലയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഈ താല്ക്കാലിക ക്രമീകരണങ്ങള്‍ ഓഗസ്റ്റ് മാസാവസാനം ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

Advertisement