ഓച്ചിറയിൽ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം

Advertisement

ഓച്ചിറ: അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. വലിയകുളങ്ങര പൂയംപള്ളിത്തറ ജംഗ്ഷന് തെക്കുവശം ചന്ദ്രാലയത്തില്‍ എം. ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോലി സംബന്ധമായി ചന്ദ്രനും കുടുംബവും ദുബായിലാണ് താമസം. കഴിഞ്ഞ മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ വീട്ടുടമ എത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ വെട്ടി പൊളിച്ചിട്ടിരിക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 12 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, ക്യാമറ, സിസിടിവി ക്യാമറകളും അതിന്റെ ഇന്‍പുട്ട് ഡിവയിസും ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും മോഷണം പോയതായി ഓച്ചിറ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ വലിയകുളങ്ങരയിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസിന്റെ രാത്രികാല പെട്രോളിങ്ങ് ഉള്‍പ്പെടെ നടക്കുന്നില്ലായെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement