അനഘയുടെ മരണം അധ്യാപന പരിശീലനത്തിനായി പോകും വഴി….

Advertisement

കൊട്ടാരക്കര: ലോറിയില്‍ സ്‌കൂട്ടറിടിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം അനഘ മരിച്ചത് അധ്യാപന പരിശീലനത്തിനായി പോകും വഴി. പുത്തൂര്‍ വല്ലഭന്‍കര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശാ(24)ണ് ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബി.എഡ്.വിദ്യാര്‍ഥിനിയായ അനഘ വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലാണ് അധ്യാപന പരിശീലനം നടത്തിയിരുന്നത്.
അനഘ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരേവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പുത്തൂരിലേക്ക് പോവുകയായിരുന്ന അനഘയുടെ സ്‌കൂട്ടര്‍ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. റോഡില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അനഘയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് അനഘ. അച്ഛന്‍ പ്രകാശ് വിദേശത്താണ്. അമ്മ ഗുജറാത്തിലും. കൊട്ടാരക്കരയില്‍ വനിതാ ഹോസ്റ്റലിലാണ് അനഘ താമസിച്ചിരുന്നത്.