ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ രേഖ ചന്ദ്രനെ തെരഞ്ഞെടുത്തു

Advertisement

ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ രേഖ ചന്ദ്രനെ തെരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനില്‍കുമാര്‍ രേഖ ചന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കുകയും ഡയനീഷ്യ റോയിസണ്‍ പിന്താങ്ങുകയും ചെയ്തു. പ്രതിപക്ഷമായ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ സജിത രംഗകുമാര്‍ മത്സരിച്ചു. സജിത രംഗകുമാറിന്റെ പേര് ഹരികുമാര്‍ നിര്‍ദ്ദേശിക്കുകയും നദീറ കൊച്ചസ്സന്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിനെതിരെ പത്ത് വോട്ട് നേടിയാണ് രേഖ ചന്ദ്രന്‍ വിജയിച്ചത്.
ബിജെപിയുടെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 20 അംഗപഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപക്ഷമായ കോണ്‍ഗ്രസിന് ഒമ്പതും ആര്‍എസ്പിക്ക് ഒരു സീറ്റുമാണുള്ളത്. പ്രതിപക്ഷത്ത് ഇടതുമുന്നണിക്കും ബിജെപിക്കും അഞ്ചംഗങ്ങള്‍ വീതമാണുള്ളത്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷീല ബിനു രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

Advertisement