മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍ അജയ്(25) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കോഴിമുക്ക് പുന്നമൂട്ടില്‍ പുത്തന്‍ വീട്ടില്‍ ഇര്‍ഫാന്‍(24) നെയാണ് പ്രതിയും സംഘവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെയെല്ലാം പോലീസ് നേരത്തെ പിടികൂടിയിരുന്നെങ്കിലും ഒളിവില്‍ പോയ അജയ്‌യെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ജൂണ്‍ മാസം നാലാം തീയതി ആണ് കേസിനാസ്പദമായ സംഭവം. ഇര്‍ഫാന്റെ സുഹൃത്ത് നസീറും പ്രതിയായ അജയും തമ്മില്‍ വഴക്ക് ഉണ്ടായപ്പോള്‍ ഇര്‍ഫാന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു എന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന ഇര്‍ഫാനെ പ്രതിയും സംഘവും തടഞ്ഞ് നിര്‍ത്തി വാളും കല്ലും കമ്പിയും മുതലായ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇര്‍ഫാന്റെ തലയ്ക്കും ദേഹത്തും സാരമായ പരിക്കേറ്റു. മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അജയ്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞു വന്ന പ്രതി ഏപ്രില്‍ മാസം പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കേസില്‍ പ്രതിയായത്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുനില്‍ എസ്‌സിപിഒ സെബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.