പനവേലിയിലെ അപകടം; സുല്‍ജാന്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്

Advertisement

കൊട്ടാരക്കര: എംസി റോഡില്‍ പനവേലി കൈപ്പള്ളി മുക്കില്‍ സൂപ്പര്‍ ഫാസ്റ്റ്ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട കാര്‍ യാത്രികന്‍ വര്‍ക്കല പാലച്ചിറ അല്‍ബുര്‍ദാന്‍ വീട്ടില്‍ സുല്‍ജാന്‍ (24) അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്. സുല്‍ജാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടാരക്കര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
ഒപ്പമുണ്ടായിരുന്ന വര്‍ക്കല കോക്കാട് ദേവീകൃപയില്‍ ദീപുദാസ് (25), സമീര്‍ മന്‍സിലില്‍ സുധീര്‍ (25) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്. സംസ്‌കാരം നാളെ ഒന്‍പതിന് പാലച്ചിറ ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.