വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്

കുവൈത്തില്‍ തീപിടുത്തത്തില്‍ മരണപ്പെട്ട ഷമീര്‍ ഉമ്മറുദ്ദീന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും, ജെ.ചിഞ്ചുറാണിയും വീട്ടിലെത്തി കൈമാറുന്നു.
Advertisement

കൊല്ലം.വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്
ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി
കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ധനമന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് വീടുകളിലെത്തി വിതരണം ചെയ്തു.
അവിവാഹിതനായ സാജന്‍ ജോര്‍ജ്, സാജന്‍വില്ല പുത്തന്‍വീട്, വെഞ്ചേമ്പ്, കരവാളൂര്‍ പുനലൂരിന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സര്‍ക്കാരിന്റെ സഹായമായ അഞ്ചു ലക്ഷം രൂപയും നോര്‍ക്ക വഴിയുള്ള 11 ലക്ഷം രൂപയുമാണ് (നോര്‍ക്ക വൈസ് ചെയര്‍മാന്‍ യൂസഫലി – അഞ്ചു ലക്ഷം, ഡയറക്ടര്‍മാരായ രവി പിള്ള, ജെ. കെ. മേനോന്‍ – രണ്ടു ലക്ഷം വീതം, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ – രണ്ടു ലക്ഷം രൂപ) കൈമാറിയത്. പി. എസ്. സുപാല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി, വാര്‍ഡ് അംഗം എ. ചെല്ലപ്പന്‍, എ. ഡി. എം സി. എസ്. അനില്‍, പുനലൂര്‍ ആര്‍.ഡി.ഒ സോളി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ആനയടി ശൂരനാട് നോര്‍ത്ത് തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്റെ പിതാവിനാണ് നഷ്ടപരിഹാര തുക നല്‍കിയത്. ഭാര്യ സുറുമിയും ഒപ്പമുണ്ടായിരുന്നു. കൊല്ലം മതിലില്‍, കന്നിമൂലയില്‍ വീട്ടില്‍ സുമേഷ് പിള്ളയുടെ ഭാര്യ രമ്യക്കാണ് തുക കൈമാറിയത്, മകള്‍ അവന്തികയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദിച്ചനല്ലൂര്‍ വിളച്ചിക്കാല, വടക്കോട്ട് വില്ലയില്‍ ലിയോ ലൂക്കോസിന്റെ ഭാര്യ ഷൈനി, അച്ഛന്‍ ഉണ്ണുണ്ണി, അമ്മ കുഞ്ഞമ്മ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം കൈമാറിയത്. മന്ത്രിമാര്‍ക്കൊപ്പം ജി.എസ്.ജയലാല്‍ എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

Advertisement