ശാസ്താംകോട്ട. തടാക സംരക്ഷണവും തീരപ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്തലും ലക്ഷ്യമാക്കി ഇക്കോ ടൂറിസം പദ്ധതി ഏറ്റവും പ്രധാനമായി ആലോചിക്കുമെന്ന് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി(സ്വാക്) മെമ്പര്‍ സെക്രട്ടറി സുനീല്‍ പമിടി ഐഎഫ്എസ് പറഞ്ഞു. തടാക സംരക്ഷണ പദ്ധതി പുനര്‍ക്രമീകരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
തടാകത്തില്‍ നിന്നുള്ള ജല ചൂഷണം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച ജലപദ്ധതി ആരംഭിക്കാന്‍ നടപടിയുണ്ടാകും. തടാകത്തില്‍ മാലിന്യമെത്താതിരിക്കാന്‍ ശക്തമായ നടപടികകള്‍ആവിഷ്‌കരിക്കും. പ്‌ളാസ്റ്റിക് വിമുക്തമാക്കും. മണ്ണൊലിപ്പ തടയാനുള്ള നടപടി കാര്യക്ഷമമാക്കണം, അക്കേഷ്യ മരങ്ങള്‍ തൊലിനീക്കി ഉണക്കി നശിപ്പിക്കുന്നതും, തൈകള്‍ മണ്ണിളകാത്ത വിധം നശിപ്പിക്കുന്നതും വിദഗ്ധരുമായി ആലോചിക്കും.
സംരക്ഷണത്തിലൂന്നിയുള്ള സജീവമായ ചര്‍ച്ചയാണ് നടന്നത്. ജല അതോറിറ്റിയുടെ അനാസ്ഥയില്‍ വ്യാപകമായ പരാതി ഉയര്‍ന്നു. ഓരോ വേനലിലും ആശങ്കാജനകമായി തടക ജലനിരപ്പ് താഴുന്നു. പകരം ആവിഷ്‌കരിച്ച പദ്ധതി നിസാരകാരണങ്ങളാല്‍ വൈകിപ്പിക്കുന്നു.ശുദ്ധീകരിച്ച മാലിന്യം തടാകത്തിലേക്ക് ഒഴുക്കുന്നു. തീരത്ത് അനുയോജ്യമായ തൈകള്‍ കണ്ടെത്തി നട്ടുപിടിപ്പിക്കണം. ഇവ പിന്നീട് അക്കേഷ്യപോലെ ഭീഷണിയാകരുത്, തൈകള്‍ ഇവിടെ ഉല്പാദിപ്പിക്കാനാവണം, ഇതിന്റെ പേരില്‍ തട്ടിപ്പു നടക്കരുത്. തടാക ജലത്തിന്റെ പരോശോധനയ്ക്കും പഠനത്തിനും സൗകര്യമൊരുക്കണം. ജനങ്ങള്‍ക്ക് ഉപകാരമുള്ള ടൂറിസം പദ്ധതി നടപ്പാകണം, തീരവാസികളെ ബുദ്ധിമുട്ടിക്കരുത്. അവരുടെ ആവശ്യം മനസിലാക്കണം.
അധികാരികള്‍തന്നെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നു. ജലവിതാനക്കല്ല് ഇല്ല. നിര്‍മ്മാണം സംബന്ധിച്ച് നിയമം എന്താണ് വ്യക്തത ഇല്ല. തീരത്ത് സ്ഥിരമായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ബീറ്റ് നടപ്പാക്കുക, അവര്‍ക്ക് അതിന് അധിക വേതനം നല്‍കുക, അമ്പലക്കടവിലും ബണ്ടിലും ഗാര്‍ഡു നിരീക്ഷണം ഉറപ്പാക്കുക, തീര നിരീക്ഷണത്തിന് ക്യാമറ വയ്ക്കുക,തീരത്ത് പോകുന്നവരുടെ പ്‌ളാസ്‌ക് സാമഗ്രികള്‍ വാങ്ങി വയ്ക്കുക. തീരത്തെ വാട്ടര്‍ഷെഡ് യൂണിറ്റുകളാക്കി ഗ്രൂപ്പുകളാക്കി രൂപീകരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തുക. കടകളുടെ ഓവുകള്‍ ഓടകളില്‍ മാലിന്യമൊഴുക്കുന്നത് നിരന്തരം പരിശോധിക്കുക, ഓട ശുചീകരിക്കല്‍ സ്ഥിരമായ ഇടവേളകളില്‍ ചെയ്യുക, മല്‍സ്യസമ്പത്ത് സംരക്ഷിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക, നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം തടയുക, ആശങ്ക ഉളവാക്കുന്ന ധനവിനിയോഗം സുതാര്യമാക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഗീത, ബ്‌ളോക്ക് അംഗം തുണ്ടില്‍ നൗഷാദ്,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‌റ് ഗുരുകുലം രാജേഷ്,അംഗങ്ങളായ അനില്‍ തുമ്പോടന്‍ ഐ.ഷാനവാസ്,അജയകുമാര്‍ ,തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി , അംഗങ്ങളായ രാമാനുജന്‍ തമ്പി, ശാസ്താംകോട്ട ഭാസ്, ജയകൃഷ്ണന്‍, കായല്‍കൂട്ടായ്മ കണ്‍വീനര്‍ എസ് ദിലീപ്കുമാര്‍, അംഗങ്ങളായ സിനു, ഹരികുമാര്‍, ഡിബികോളജ് ഭൂമിത്രസേനാ കണ്‍വീനര്‍ ലക്ഷ്മി ശ്രീകുമാർ, അലുമ്നി അസോസിയേഷൻ ഡോ.പ്രീത ജി.പ്രസാദ്, എന്‍വയോണ്‍മെന്റ് പ്രോഗ്രാം മാനേജര്‍ ഡോ.ജോണ്‍ സി മാത്യു,വെറ്റ് ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ് അരുണ്‍കുമാര്‍, സാമൂഹിക വനവല്‍ക്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ കോശി ജോണ്‍, സോയില്‍ കണ്‍സര്‍വേഷന്‍ അസി.ഡയറക്ടര്‍ അരുണ്‍കുമാര്‍, ജലഅതോറിറ്റി അസി.എന്‍ജിനീയര്‍ ഷൈനി, ജലസേചനവിഭാഗം അസി.എന്‍ജിനീയര്‍ വിഷ്ണു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തടാക തീരവും മുഖ്യമലിനീകരണ ഭാഗങ്ങളും മെമ്പര്‍ സെക്രട്ടറി സുനീല്‍ പമിടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു