ചടയമംഗലത്ത് പട്ടാപ്പകല്‍ കുരുമുളക് സ്‌പ്രേ ചെയ്ത് മോഷണശ്രമം

Advertisement

അഞ്ചല്‍: ചടയമംഗലത്ത് സ്വര്‍ണക്കടയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ചടയമംഗലം പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ആണ് മോഷണ ശ്രമം ഉണ്ടായത്. സ്‌കൂട്ടറില്‍ എത്തിയ യുവതിയും യുവാവുമാണ് മോഷണത്തിന് ശ്രമിച്ചത്.
യുവതി രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് സ്വര്‍ണക്കടയില്‍ വന്നിരുന്നു. മാലയുടെ വില ചോദിച്ച് മനസിലാക്കുകയും പിന്നീട് വരാം എന്ന് പറഞ്ഞ് തിരികെ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ യുവതിയും കൂടെ ഒരു യുവാവും ജ്വല്ലറിയില്‍ എത്തി കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കുരുമുളക് സ്‌പ്രേ യുവാവ് കടയിലുള്ളവരുടെ മുഖത്തേക്ക് അടിച്ചു. ഇതിനിടെ ജ്വല്ലറിയിലുണ്ടായിരുന്നവര്‍ കുരുമുളക് സ്‌പ്രേ തട്ടിത്തെറിപ്പിച്ചു. ഇതോടെ മോഷ്ടാക്കള്‍ ജ്വല്ലറിക്ക് പുറത്തിറങ്ങുകയും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ചടയമംഗലം സിഐ സുനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.