കൊല്ലം. കൊല്ലം ആസ്ഥാനമായി അനുവദിച്ച വിജിലൻസ് കോടതി കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി.ജൂലൈ പതിനേഴിന് ഈ വിഷയത്തിൽ കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജിമാരെ നേരിൽ കണ്ടപ്പോൾ കിട്ടിയ
ഉറപ്പാണ് സങ്കുചിത താൽപര്യത്തിനായി അട്ടിമറിക്കപ്പെട്ടത്.
വിജിലൻസ് ഓഫീസ് ഉൾപ്പടെ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനമായ കൊല്ലത്ത് വിശാലമായ കോടതി സമുച്ചയത്തിൻെറ നിർമ്മാണം തുടങ്ങിയ ഘട്ടത്തിലെ പുതിയ സർക്കാർ തീരുമാനം അപലപനീയമാണ്.രണ്ട് വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നിരിക്കെ വിജിലൻസ് കോടതിക്കായി ഒന്നിലേറെ താൽക്കാലിക കെട്ടിടങ്ങൾ കൊല്ലം ബാർ അസോസിയേഷൻ തന്നെ കണ്ടെത്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
രണ്ടായിരത്തോളം അഭിഭാഷകരുള്ള കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖമായ കോർട്ട് സെൻററായ കൊല്ലത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നിരിക്കെ വിജിലൻസ് കോടതി കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള സർക്കാർ
ഉത്തരവ് പിൻവലിക്കണം.
തിങ്കളാഴ്ച മുതൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും തീരുമാനം പിൻവലിച്ച് കൊല്ലത്തിന് അനുവദിച്ച വിജിലൻസ് കോടതി തിരികെ സ്ഥാപിക്കും വരെ സമരം തുടരുമെന്നും ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ഉണ്ണികൃഷ്ണൻ എസ് ഡി, സെക്രട്ടറി അഡ്വ ജി അമർപ്രശാന്ത് എന്നിവർ പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.