ചടയമംഗലത്തെ ജ്വല്ലറിയിലെ മോഷണശ്രമം; യുവതിയെയും യുവാവിനെയും പിടികൂടി

Advertisement

അഞ്ചല്‍: ചടയമംഗലത്ത് ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയ യുവതിയെയും യുവാവിനെയും ചടയമംഗലം പോലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് സ്വദേശിനി സ്‌നേഹയുമാണ് പിടിയിലായത്. കഴിഞ്ഞ 19-നാണ് പോലീസ് സ്റ്റേഷന് സമീപമുള്ള ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയത്. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വച്ചതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.
മോഷണത്തിന് തലേദിവസം യുവതി ജ്വല്ലറിയില്‍ എത്തി സ്വര്‍ണാഭരണങ്ങള്‍ നോക്കി വില ചോദിച്ചു മനസ്സിലാക്കുകയും പിന്നീട് ഭര്‍ത്താവുമായി വരാമെന്ന് പറഞ്ഞ് മടങ്ങുകയുമായിരുന്നു. 19ന് യുവാവിനോടൊപ്പം വന്ന് കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് മോഷണശ്രമം നടത്തി. കടയിലുള്ളവര്‍ ഇത് തട്ടിത്തെറിപ്പിച്ചതോടെ പുറത്തേക്ക് ഓടിയിറങ്ങിയ ഇരുവരും സ്‌കൂട്ടറില്‍ പോരേടം ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് കടയ്ക്കല്‍ കൊല്ലായില്‍ റോഡില്‍ എത്തിയശേഷം ഇവര്‍ സ്‌കൂട്ടര്‍ മാറി.
സ്‌കൂട്ടറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങള്‍ വഴി മനസ്സിലാക്കിയ പോലീസ് പാലോട്ടുള്ള യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി വിവാഹിതയും നിലമേല്‍ എന്‍എസ്എസ് കോളേജ് എംബിഎ വിദ്യാര്‍ത്ഥിനിയുമാണ്. വാഹന ഷോറൂമില്‍ വച്ചാണ് യുവാവുമായി പരിചയം.
സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണം നടത്തുവാനുള്ള കാരണമെന്നാണ് ഇവര്‍ പറയുന്നത്. ചടയമംഗലം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സുനീഷ്, എസ്‌ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.