ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും രണ്ട് മാസമായി ഇല്ലാതായിട്ടും പകരക്കാരെ നിയമിക്കാൻ നടപടിയില്ല.വില്ലേജ് ഓഫീസറും സെക്രട്ടറിയും പെൻഷനായി പോയതോടെയാണ് പോരുവഴിയിലെ ജനങ്ങളുടെ ദുരിതം വർദ്ധിച്ചത്.ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർക്ക് പോരുവഴിയുടെ അധിക ചുമതല കൈമാറിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലത്രേ.
വിസ്തൃതമായ
ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർ വഴിപാടു പോലെയാണ് പോരുവഴിയിൽ എത്തുന്നതെന്നാണ് ആക്ഷേപം.അടിയന്തിര ഘട്ടങ്ങളിൽ സർട്ടിഫിക്കറ്റുകളിലും മറ്റും ഒപ്പീടിക്കാൻ സാധാരണക്കാർ കിലോമീറ്റർ അകലെയുള്ള ശാസ്താംകോട്ടയിൽ എത്തണം.അഡ്മിഷൻ കാലമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് വലയുന്നവരിൽ ഏറെയും.മുൻ കാലങ്ങളിൽ കുന്നത്തൂർ വില്ലേജ് ഓഫീസർക്കാണ് പോരുവഴിയുടെ ചുമതല നൽകിയിരുന്നത്.പഞ്ചായത്ത് സെക്രട്ടറിക്ക് പകരം ആളെത്താത്തതിനാൽ പോരുവഴിയിലെ വികസന പ്രവർത്തനങ്ങളെ പോലും സാരമായി ബാധിച്ചിട്ടുണ്ട്.വിവിധ ആവശ്യങ്ങൾക്ക് ഫ്രണ്ട് ഓഫീസ് വഴി അപേക്ഷകൾ നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്.കാലവർഷ കെടുതികൾ രൂക്ഷമായ പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും ഒരു പോലെ ഇല്ലാത്തത് പ്രശ്നമായിട്ടുണ്ട്.പഞ്ചായത്ത് ഭരണസമിതിയുടെയും എംഎൽഎയുടെയും ഉദാസീനതയാണ് പഞ്ചായത്തിലെ പ്രബലസ്ഥാനങ്ങൾ വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇല്ലാതിരുന്നിട്ടും പകരം നിയമനം നടത്താൻ സർക്കാർ അലംഭാവം കാട്ടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.അതിനിടെ സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ബിജെപി പോരുവഴി പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം മുന്നറിയിപ്പ് നൽകി.ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടി പ്രസിഡന്റ് രാജേഷ് വരവിള അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സമിതി പ്രസിഡന്റ് രജ്ഞു,പഞ്ചായത്ത് അംഗങ്ങളായ നിഖിൽ മനോഹർ,സ്മിത എന്നിവർ
പ്രസംഗിച്ചു.