കൊല്ലം മണിച്ചിത്തോട് മാലിന്യമുക്തമാക്കും: കളക്ടര്‍

Advertisement

കൊല്ലം: നഗരത്തിലൂടെ കടന്ന്പോകുന്ന മണിച്ചിത്തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച രോഗവ്യാപനസാധ്യത ഇല്ലാതാക്കുന്നതിനാണ് മുന്‍ഗണനയെന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തോടിന്റെ കരകളിലും വെള്ളത്തിലേക്കും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി കൈക്കൊള്ളും. മാലിന്യനീക്കത്തിനുള്ള സംവിധാനവും സജ്ജമാക്കേണ്ടതുണ്ട്. സംരക്ഷണവേലിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. തോടിന്റെ സംരക്ഷണത്തിനായി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. മാലിന്യനിക്ഷേപം തടയുന്നതിന് തടസ്സമുള്ള ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും തേടാമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജു, കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി എസ്.എസ്. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.