വർണ്ണക്കൂട്ടുകളില്‍ വിസ്മയം തീർക്കുന്ന ചിത്രകാരന്‍

Advertisement

മൈനാഗപ്പള്ളി: വർണ്ണക്കൂട്ടുകളില്‍ വിസ്മയം തീർക്കുന്ന സനൽ ലാലിന്റെ ചിത്രങ്ങൾ കടൽ കടന്നും പെരുമ നേടുകയാണ്. റഷ്യ, ഒമാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള 15 – ഓളം വിദേശ രാജ്യങ്ങളിലെ ക്രിസ്ത്യൻ ആരാധനാലയങ്ങളിലും റിസോട്ടുകളിലും ആർട്ട് ഗാലറികളിലും അടക്കം ഇതിനോടകം ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ചവറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ മൈനാഗപ്പളളി കടപ്പ വർണ്ണ രേഖയിൽ സനിൽ ലാലി (53)ന്റെ ചിത്രങ്ങളാണ് കടൽ കടന്നും പെരുമ നേടുന്നത്.

കൊല്ലം പ്രാക്കുളം പുതുവേലിൽ കെ.എസ്.ആർ.റ്റി.സി സീനിയർ സൂപ്രണ്ട് ആയിരുന്ന എസ്.രാമകൃഷ്ണന്റെയും വീട്ടമ്മയായ സുമതിയുടെയും മകനായ സനിൽ ലാൽ 1997 ൽ മൈനാഗപ്പള്ളി കടപ്പ എൽ.വി. എച്ച്.എസിൽ ചിത്രകലാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെയാണ് മൈനാഗപ്പള്ളിയിൽ സ്ഥിര താമസമാക്കിയത്. അച്ചൻ കെ.എസ്.ആർ.റ്റി.സി യിലെ ഉദ്യോഗസ്ഥൻ ആയിരുന്നങ്കിലും നന്നായി ചിത്രങ്ങൾ വരയ്ക്കുകയും ചിത്രകലയെ കുറിച്ച് അവഗാഹമായ അറിവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മൂത്ത മകനായ റാം മോഹൻലാലിനെ ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കാൻ വിട്ടു. ഇദ്ദേഹം വരയ്ക്കുന്നത് കണ്ടാണ് സനിൽ ലാലും ഒന്നാം ക്ലാസ് മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. സനിൽ ലാലും പിന്നീട് ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചങ്കിലും ഗുരുനാഥൻ ജേഷ്ഠൻ റാം മോഹൻലാൽ തന്നെ.


ഇവർക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. ഇവർ ഈ മേഖല തെരഞ്ഞെടുത്തില്ലങ്കിലും എല്ലാവരും നല്ല രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്നവർ തന്നെ. റാം മോഹൻലാലും അദ്ദേഹത്തിന്റെ ഭാര്യ ശ്യാമയും ചിത്രകലാ അധ്യാപകരായിരുന്നു. ഇപ്പോൾ സർവ്വീസിൽ നിന്നു വിരമിച്ചു.
ഇവരുടെ മക്കളായ ശ്യാംലാലും ശ്രീലാലും അനിമേഷൻമേഖലയിൽ ജോലി ചെയ്യുന്നവരുമാണ്. ചുരുക്കി പറഞ്ഞാൽ കൊല്ലം ജില്ലയിൽ ചിത്രകല ഉപജീവനമാക്കിയ ഏറ്റവും വലിയ കുടുംബമാണ് ഇവരുടേത്.
എണ്ണഛായയും , മ്യൂറൽ പെയിന്റിംഗ് ഉൾപ്പെടെ ചിത്രകലയുടെ എല്ലാ മാധ്യമത്തിലും സനിൽ ലാൽ ചിത്രങ്ങൾ വരയ്ക്കും.
ആയിരത്തോളം ചിത്രങ്ങൾ ഇതിനോടകം ഇദ്ദേഹം വരച്ചു കഴിഞ്ഞു.


സ്വപ്നമുഖി, മഹാത്മഗാന്ധി, ഒ.എൻ.വി കുറുപ്പ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ . അതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾക്ക് ആവശ്യക്കാരും ഏറെ. ഇത് കൂടാതെ ആവശ്യക്കാരുടെ ഇഷ്ടം അനുസരിച്ചും ഇദ്ദേഹം ചിത്രങ്ങൾ വരച്ച് നൽകും. ഒഴിവു സമയങ്ങളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ചിത്രങ്ങളുടെ ശൈലിയും വലിപ്പവും അനുസരിച്ച് 20 മുതൽ 50 മണിക്കൂർ വരെ ഒരു ചിത്രത്തിനാകും. അധ്യാപക വൃത്തിയ്ക്കും ചിത്രരചനയോടുമൊപ്പം ഇതുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളിലും ഇദ്ദേഹം വ്യാപ്ര തനാണ്. പ്രത്യാശ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗബാധിതരായ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്ര പ്രദർശനത്തിൽ മറ്റ് ചിത്രകലാ പ്രവർത്തകരോടൊപ്പം പങ്കെടുത്തതുംകോവിഡ് കാലത്ത്
ഓൺലൈനായി കുട്ടികൾക്ക് ചിത്രകലാ പരിശീലനം നൽകിയതും കൊല്ലം ഡി.ഡി ഓഫീസിന്റെ ചുവരുകളിൽ ചിത്രം വരച്ച് നൽകിയതും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
എറണാകുളം ആർട്ട് ഗാലറി, കായംകുളം കൃഷ്ണപുരം ആർട്ട് ഗാലറി, കണ്ണൂർ കതിരൂർ ചിത്ര
ഗ്രാമം,
2022 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദി എന്നിവിടങ്ങളിലൊക്കെ ഇദ്ദേഹത്തിന്റെ ചിത്ര പ്രദർശനം നടന്നിട്ടുണ്ട്.
ജില്ലയിലെ ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ആംസിന്റെ പ്രസിഡന്റും കൃഷ്ണപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിത്രകലാ പ്രവർത്തകരുടെ കൂട്ടായ്മ ആയ സാഗ ആർട്ട്സ്ന്റെ ഖജാൻജിയുമാണ്. വീട്ടമ്മയും
ഫാഷൻ ഡിസൈനറുമായ സുജാതയാണ് ഭാര്യ. യു.കെ യിൽ നഴ്സ് ആയി ജോലി ചെയ്യുന്ന രാഖി എസ്. ലാലും ആട്ടൊമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ റാണ എസ്. ലാലും മക്കളാണ്.
ഭാര്യയും മക്കളുംനല്ല രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്നവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത

Advertisement