അഷ്ടമുടിക്കായൽ കയ്യേറ്റം ഒഴിപ്പിക്കാൻ ആറുമാസം , ഹൈക്കോടതി

Advertisement

കൊല്ലം. അഷ്ടമുടി കായലിലെ കയ്യേറ്റവും മലിനീകരണവും സംബന്ധിച്ച് കൊല്ലം ബാറിലെ അഡ്വ ബോറിസ് പോൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേട്ടു. വലിയ തോതിലുള്ള കയ്യേറ്റം കണ്ടെത്തിയതായി കൊല്ലം സബ് കളക്ടർ ഇന്ന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇടക്കാല റിപ്പോർട്ടിൽ ഉള്ളത്. കൈയേറ്റം നടത്തിയ 250 ഓളം വ്യക്തികളുടെ ലിസ്റ്റ് സബ് കളക്ടർ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവ്വേ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇനിയും വൻ കയ്യേറ്റങ്ങൾ കണ്ടെത്താനുണ്ടെന്നും അറിയിച്ച സബ് കളക്ടർക്ക് വേണ്ടി സീനിയർ സർക്കാർ അഭിഭാഷകൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സാവകാശം ആവശ്യപ്പെട്ടു. തുടർന്ന് ആറുമാസത്തിനുള്ളിൽ ലാൻഡ് കൺസർവൻസി നിയമ പ്രകാരം കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കൊല്ലം സബ് കളക്ടർക്ക് കോടതി നിർദ്ദേശം നൽകി ഉത്തരവായി. സബ് കളക്ടറുടെ റിപ്പോർട്ട് ഉത്തരവിന്റെ ഭാഗം ആയിരിക്കും എന്നും നിർദ്ദേശം ഉണ്ട്. ഒഴിപ്പിക്കാൻ സബ് കളക്ടർ നടത്തുന്ന നടപടികൾ സംബന്ധിച്ച് ഓരോ മാസവും ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം.
മലിനീകരണം സംബന്ധിച്ച വിഷയത്തിലും കോടതി ഇടക്കാല ഉത്തരവ് നൽകി. കായലിലേക്ക് മാലിന്യം എത്തുന്നത് കൊല്ലം കോർപ്പറേഷനും പഞ്ചായത്തുകളും തടയണം. നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട സർക്കാർ ഉത്തരവ്‌ പ്രകാരം നിയമനടപടി സ്വീകരിക്കണം. മാലിന്യം കായലിലേക്ക് എത്തുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഓരോ മാസവും ഹൈക്കോടതിയിൽ സമർപ്പിക്കണം.
ആഗസ്റ്റ് 6-ാം തീയതിക്ക് മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്.മനുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് തുടരുന്നതാണ്.
അഭിഭാഷകരായ അഡ്വ അജ്മൽ കരുനാഗപ്പള്ളി, അഡ്വ ധനുഷ് ചിറ്റൂർ, അഡ്വ പ്രിയങ്ക ശർമ്മ എം.ആർ, അഡ്വ അനന്യ എം.ജി എന്നിവർ ഹർജികക്ഷിക്ക് വേണ്ടി ഹാജരായി.