കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.
ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.
സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം മാർക്സൺ ഉൾപ്പടെ പതിനാല് പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാല് പ്രതികളെ വെറുതെ വിട്ടു. കൊലപതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ പ്രതികളെ രക്ഷിക്കാൻ സഹായിച്ചവരടക്കമുള്ളവരാണ് പ്രതികൾ. നീണ്ട പോരാട്ടമായിരുന്നെന്നും വിധിയിൽ സന്തോഷമെന്നും രാമഭന്ദ്രൻറെ കുടുംബം പറഞ്ഞു. 126 സാക്ഷികളുണ്ടായിരുന്ന കേസിൽ സിപിഎം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറി. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാർ മൊഴി നൽകിയതും വിവാദമായിരുന്നു.