കൊല്ലത്ത് അച്ഛനമ്മമാർക്കൊപ്പം മുചക്ര സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ്സുകാരൻ സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു

Advertisement

കൊല്ലം:
അച്ഛനമ്മമാർക്കൊപ്പം മുചക്ര സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ്സുകാരൻ സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു. കൊല്ലം ഓലയിൽ പഴഞ്ഞി തറയിൽ നിന്നും ഇരവിപുരം തെക്കേ വിളസൗഹൃദ നഗർ കടകത്തു തൊടി അശോകാ ഭവനിൽ താമസിക്കുന്ന ദീപുവിൻ്റെയും രമ്യയുടെയും മകൻ വിശ്വജിത്ത് (9) ആണ് മരിച്ചത്. തങ്കശ്ശേരി ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആണ്. ഇന്ന് രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയിൽ പോളയത്തോട് കച്ചേരി ജങ്ഷന് അടുത്തുള്ള ഇറക്കത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ നിന്നും കുട്ടി ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ സ്കൂളിലാക്കുവാൻ വേണ്ടി പോകുമ്പോഴായിരുന്നു അപകടം. ഭിന്നശേഷിക്കാരൻ ആയ പിതാവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടകാരണം കണ്ടെത്തുന്നതിനായി പരിസരത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരൻ: ദേവജിത്ത്.