ശാസ്താംകോട്ട:പൊതുമേഖലാ സ്ഥാപനമായ കേരള കശുവണ്ടി വികസന കോർപറേഷൻ ഭരണിക്കാവ് 14ാം നമ്പർ ഫാക്ടറിയിൽ മതിൽ ഇടിച്ചു നിരത്തി നടത്തിയ ഭൂമികയ്യേറ്റം ഒഴിപ്പിക്കണമെന്ന് കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ആവശ്യപ്പെട്ടു.മതിലും കോമ്പൗണ്ടിലുണ്ടായിരുന്ന നിർമ്മാണങ്ങളും നശിപ്പിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന
കെ.എസ്.സി.ഡി.സി മാനേജുമെൻ്റിൻ്റെ നടപടിയിൽ യോഗം
പ്രതിഷേധിച്ചു.വർഷങ്ങളായി കോർപറേഷൻ്റെ കൈവശമുള്ളതും സ്ഥലത്തിൻ്റെ മുൻ ഉടമസ്ഥരുമായി സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതുമായ ഭൂമിയിലാണ് കയ്യേറ്റം നടന്നത്.രാത്രിയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിൽ തകർത്തിട്ടും പുലർച്ചെ 5.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ അറിഞ്ഞില്ല എന്നത് വിശ്വാസയോഗ്യമല്ല.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസിൽ പരാതി പോലും നൽകിയത്.സുപ്രീം കോടതിയിലെ കേസിൻ്റെ മറവിൽ 20 ഫാക്ടറികളും മുൻ ഉടമകൾക്ക് വിട്ടുകൊടുത്ത് കെ.എസ്.സി.ഡി.സി എന്ന സ്ഥിരം തലവേദന ഒഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും,കോടികളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം നാലു ഫാക്ടറികൾ ഉൾമകൾക്കു വിട്ടു നൽകിയതുപോലെ കോടികളുടെ അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും യൂണിയൻ ആരോപിച്ചു.അടിയന്തിരമായ നിയമ നടപടി സ്വീകരിക്കാനും തകർത്ത മതിൽ കെട്ടി സംരക്ഷിക്കുവാനും അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരപരിപാടികൾക്ക് തൊഴിലാളികൾ രംഗത്തുവരുമെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.സുഭാഷ്,യൂണിറ്റ് സെക്രട്ടറി ബേബി ജോൺ എന്നിവർ അറിയിച്ചു.