കിടപ്പുരോഗിയായ പിതാവിനെ മര്‍ദിച്ച്കൊലപ്പെടുത്തിയ മകന്‍ പോലീസ് പിടിയില്‍

Advertisement

പരവൂര്‍: കിടപ്പുരോഗിയായ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ മകന്‍ പോലീസ് പിടിയില്‍. പൂതക്കുളം പുന്നേക്കുളം വലിയവിള വീട്ടില്‍ ശരത്തി(35)നെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ശരത്ത് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ ശരത് അക്രമാസക്തനാവുകയും പക്ഷാഘാത ബാധിതനായി നാലുവര്‍ഷത്തിലധികമായി കിടപ്പിലായിരുന്ന പിതാവ് ശശി (67)യെ മര്‍ദിക്കുകയും നിലത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.
വീഴ്ചയില്‍ ശശിയുടെ തല പൊട്ടി. തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വീട്ടിലേക്ക് എത്തിച്ച ശശി മരണപ്പെട്ടു. 
കട്ടിലില്‍ നിന്ന് വീണ് മുറിവേറ്റതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ നല്‍കിയ വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതായി കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തില്‍ മകന്‍ മദ്യപിച്ചെത്തി ശശിയെ മര്‍ദിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ ആരോഗ്യ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശശിയുടെ ഭാര്യ ശാന്ത. ഇളയ മകന്‍ ശാന്തനു.