രാജ്യത്തിന്റെ 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികളോടുകൂടി നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് . സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ആഘോഷപരിപാടികളുടെ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ ആണെന്ന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവന സേനയായ ടീം കേരളയെ ആശ്രാമം മൈതാനത്തു നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സംഘടിപ്പിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫെന്‍സ് വോളന്റീയര്‍മാരുടെ പരേഡ് പരിശോധിച്ച ശേഷം പ്ലാറ്റൂണില്‍ ഉള്‍പെടുത്താന്‍ നിര്‍ദേശിച്ചു. പരേഡില്‍ പങ്കെടുക്കുന്ന പ്ലാറ്റൂണുകളുടെ ഫുള്‍ ഡ്രസ്സ് റിഹേഴ്‌സല്‍ ആഗസ്റ്റ് ഒമ്പത്, 12, 13 തീയതികളില്‍ നടത്തും. അതിനോടൊപ്പം സൗണ്ട് സിസ്റ്റം ട്രയല്‍ റണ്ണും ഇലക്ട്രിക്ക് ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന നടക്കും. പരേഡ് ഗ്രൗണ്ടും അനുബന്ധ സ്ഥലങ്ങളുടെയും ശുചീകരണ ചുമതല ഹരിതകര്‍മ്മ സേനയ്ക്കാണ്. പരേഡ്, ദേശഭക്തി ഗാനം എന്നിവയില്‍ പങ്കെടുക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏകോപനത്തിനായി ലൈസണ്‍ ഓഫീസറെ ചുമതലപ്പെടുത്തി. പരിശീലന ദിവസം മുതല്‍ പരിപാടി കഴിയുന്നത് വരെ കുട്ടികളോടൊപ്പം ലൈസണ്‍ ഓഫീസര്‍ ഉണ്ടാകും. ഗ്രൗണ്ടില്‍ ആവശ്യമായ ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീമിനെ സജ്ജീകരിക്കും. പൂര്‍ണമായ ഹരിതചട്ടപാലനം ഉറപ്പാക്കും. പരേഡ് ഗ്രൗണ്ടില്‍ അവശ്യസൗകര്യങ്ങള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും സ്വത്രത്ര്യ ദിനാഘോഷം സംഘടിപ്പിക്കണം എന്നും നിര്‍ദേശിച്ചു. എ.ഡി.എം സി.എസ് അനില്‍, ഡെപ്യൂട്ടി കലക്ടര്‍ ജിയോ.റ്റി.മനോജ്, പോലീസ്, ഫയര്‍ഫോഴ്‌സ്, വിദ്യാഭ്യാസം,കെ.എസ്.ഇ.ബി, പി ഡബ്ല്യൂ.ഡി, തുടങ്ങി എല്ലാ വകുപ്പ്തല ഉദ്യോസ്ഥരും സന്നിഹിതരായി.