കാപ്പാ നിയമം ലംഘിച്ചു; പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: കാപ്പാ നിയമ പ്രകാരം സ്വീകരിച്ച ശിക്ഷാ നടപടി ലംഘിച്ച, നിരവധി ക്രിമിനല്‍
കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. പാവുമ്പ മണപ്പള്ളി തെക്ക് ഭഗവതി വിളയില്‍ മോനച്ചന്‍ എന്ന ബിനില്‍ (27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറിയ പ്രതിക്കെതിരെ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 മുതല്‍ 6 മാസക്കാലത്തേക്ക് ഇയാളെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും പുറത്താക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനി ഉത്തരവായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഉത്തരവ് ലംഘിച്ച്‌കൊണ്ട് പ്രതി കൊല്ലം ജില്ലയില്‍ പ്രവേശിച്ചതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാപ്പാ നിയപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ളവരെ നിരീക്ഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018 മുതലുള്ള കാലയളവില്‍ കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു
വര്‍ഷക്കാലത്തേയ്ക്ക് നല്ലനടപ്പിന് കൊല്ലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി
മുമ്പാകെ സമാധാന ബോണ്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ബോണ്ട് നിലവിലിരിക്കെ
വീണ്ടും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
ഇയാള്‍ക്കെതിരെ കാപ്പാ നിയമ പ്രാകാരം നടപടി സ്വീകരിച്ചത്. കരുനാഗപ്പള്ളി
ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍, എഎസ്‌ഐ ജയകൃഷ്ണന്‍, എസ്‌സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ്
പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement