ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യുതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മൂന്ന് തവണ കരണം മറിഞ്ഞ ശേഷം റോഡരികിലെ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഡ്രൈവറെ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതുള്‍പ്പടെ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.