കൊല്ലം: തെക്കേക്കാവ് അമ്പലനടയില്‍ ആക്രമിക്കപ്പെട്ട കുതിരക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കി. കുതിരയുടെ ഉടമ ഷാനവാസിന്റെ വീട്ടിലെത്തി ഗര്‍ഭാവസ്ഥയിലുള്ള കുതിരക്കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഗോപാലശ്ശേരിയിലെ വീട്ടില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ 6 മാസം ഗര്‍ഭാവസ്ഥയിലുള്ള കുതിരക്കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നു സ്ഥിരീകരിച്ചു. കുതിരയുടെ വലത്തേ ചെവിക്ക് താഴെ മര്‍ീനമേറ്റിടത്ത് രക്തം കട്ടിപിടിച്ച് ഉണ്ടായ മുഴയുടെ വീക്കം കുറഞ്ഞിട്ടുണ്ട്. കവിളിലെയും കാല്‍മുട്ടുകളിലേയും മുറിവുകള്‍ ഉണങ്ങി വരുന്നു. ഇന്നലെയും ആന്റിബയോട്ടിക്കും വേദനസംഹാരികളും നല്‍കിയിരുന്നു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.എം.എസ്. സജയ് കുമാര്‍, ഡോ. എം.ജെ. സേതു ലക്ഷ്മി, ഡോ. പൂജ, ഡോ. ജെസ്ബിന്‍ എന്നിവര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കി.