എഴുകോണിൽ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം;ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല

Advertisement

കൊല്ലം: എഴുകോണ്‍ നെടുമണ്‍കാവില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ഇബി. 2021 ഒക്ടോബര്‍ 30ന് ടികെഎം എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ മൊഹമ്മദ് റിസ്വാന്‍, അര്‍ജ്ജുന്‍ എം.എസ്. എന്നിവര്‍ കല്‍ച്ചിറപ്പള്ളിയ്ക്ക് സമീപം നെടുമണ്‍കാവ് ആറിന് സമീപത്തുള്ള കല്‍പ്പടവില്‍ ഇറങ്ങുമ്പോള്‍ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അവിചാരിതമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
വെളിയം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍ എന്നീ തസ്തികകളില്‍പ്പെട്ട എട്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് ആറ് ജീവനക്കാരുടെ മൂന്നും, ഒരു ജീവനക്കാരിയുടെ ഒന്നും വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ തടഞ്ഞ് ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കുറ്റാരോപിതര്‍ക്കെതിരെ ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം) പുറപ്പെടുവിച്ച അന്തിമ ഉത്തരവ് ശരിവച്ച് ശിക്ഷയില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ല എന്ന് ഉത്തരവിറക്കുകയായിരുന്നു.

Advertisement